നാലേകാൽ കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
നാലേകാൽ കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
നാലേകാൽ കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
കാലടി: നാലേകാൽ കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ അർജദ് ഹുസൈൻ (22), അജാജുൽ മണ്ഡൽ (42) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രി തിരുവൈരാണിക്കുളം ഭാഗത്തുനിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ബൈക്കിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപന നടത്തിവരികയായിരുന്നു ഇവർ. ഒഡീഷയിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് ശ്രീഭൂതപുരത്തുള്ള ഇവരുടെ താമസസ്ഥലത്ത് സൂക്ഷിച്ച ശേഷം ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയായിരുന്നു പതിവ്. ഒരു കിലോ കഞ്ചാവിന് 25,000 രൂപ നിരക്കിലായിരുന്നു വിൽപ്പന.
ആവശ്യക്കാരെന്ന വ്യാജേന എത്തിയാണ് പോലീസ് സംഘം ഇവരെ കുടുക്കിയത്. പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പിടികൂടിയത്. പിടിയിലായ അജാജുൽ മണ്ഡൽ മുൻപും ലഹരിക്കേസിൽ പ്രതിയാണ്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ രണ്ടര കിലോ കഞ്ചാവുമായി ഇയാളെ പെരുമ്പാവൂരിൽ നിന്ന് പിടികൂടിയിരുന്നു. മൂന്ന് മാസം മുൻപാണ് ഇയാൾ ജയിലിൽ നിന്നിറങ്ങിയത്.
പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, കാലടി ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളി, എസ്.ഐമാരായ എം.എസ്. ശ്യം, അജ്മൽ, പി.വി. ജോർജ്, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, സെബാസ്റ്റ്യൻ, നൈജോ സെബാസ്റ്റ്യൻ, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്, പോളി, സി.പി.ഒമാരായ നിഖിൽ, സനൽ, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

