തെരുവിൽ കുടുങ്ങി സാധാരണക്കാർ നിതിൻ രാജിന്റെ മരണത്തിലെ പ്രതിഷേധം ഹർത്താലായി മാറിയപ്പോൾ ദുരിതത്തിലായി കേരളം
നിതിൻ രാജിന്റെ മരണത്തിൽ നീതി തേടി ദളിത് സംഘടനകൾ നടത്തുന്ന ഹർത്താലിൽ കേരളത്തിൽ വ്യാപക വാഹന തടയൽ. തമ്പാനൂർ, കോട്ടയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജനജീവിതം തടസ്സപ്പെട്ടു.
തെരുവിൽ കുടുങ്ങി സാധാരണക്കാർ; നിതിൻ രാജിന്റെ മരണത്തിലെ പ്രതിഷേധം ഹർത്താലായി മാറിയപ്പോൾ ദുരിതത്തിലായി കേരളം
കണ്ണൂരിലെ സ്വകാര്യ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷവും വാഹന തടയലും. കടകൾ അടപ്പിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നും നേരത്തെ സമരസമിതി അറിയിച്ചിരുന്നെങ്കിലും പലയിടങ്ങളിലും പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതോടെ ജനജീവിതം സ്തംഭിച്ചു.
തിരുവനന്തപുരം തമ്പാനൂരിൽ കെഎസ്ആർടിസി ബസ്സുകൾ സമരക്കാർ തടഞ്ഞത് യാത്രക്കാരെ വലിയ തോതിൽ ബുദ്ധിമുട്ടിച്ചു. കണിയാപുരത്തും നെടുമങ്ങാടും സമാനമായ രീതിയിൽ പ്രതിഷേധങ്ങൾ നടന്നു. കോട്ടയം തിരുനക്കരയിൽ നടന്ന വാഹന തടയലിൽ ആംബുലൻസ് അടക്കമുള്ള അടിയന്തര വാഹനങ്ങൾ കുടുങ്ങിയത് പരിഭ്രാന്തി പരത്തി.
അടൂരിൽ റോഡ് ഉപരോധിച്ച സമരക്കാരെ പോലീസ് ബലം പ്രയോഗിച്ചാണ് നീക്കം ചെയ്തത്. കണ്ണൂർ പഴയങ്ങാടിയിലും എറണാകുളത്തും വാഹനങ്ങൾ തടഞ്ഞപ്പോൾ, ശ്രീകണ്ഠപുരത്ത് സമരക്കാർ കടകൾ നിർബന്ധപൂർവ്വം അടപ്പിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. 52 ഓളം ദളിത് സംഘടനകൾ പിന്തുണയ്ക്കുന്ന ഹർത്താലിൽ നിന്ന് വ്യാപാരികളും ബസ് ഉടമകളും വിട്ടുനിൽക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പലയിടങ്ങളിലും സംഘർഷാവസ്ഥ തുടരുകയാണ്. കോഴിക്കോട്, വയനാട് ജില്ലകളിൽ നിലവിൽ ഹർത്താൽ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല.