ഹോട്ടലുകളിലെ ശുചിത്വ പരിശോധന കർശനമാക്കി കൊച്ചിയിൽ 6,000 രൂപ പിഴ ഈടാക്കി
എറണാകുളം കലൂർ, കടവന്ത്ര മേഖലകളിൽ ആരോഗ്യവകുപ്പും ഫുഡ് സേഫ്റ്റിയും നഗരസഭയും ചേർന്ന് നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ കട അടപ്പിച്ചു.
കൊച്ചിയിൽ ഹോട്ടലുകളിലും തട്ടുകടകളിലും സംയുക്ത പരിശോധന ശക്തമാക്കി; ഒരു സ്ഥാപനം അടപ്പിച്ചു
കൊച്ചി: പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി നഗരത്തിലെ ഹോട്ടലുകൾ, തട്ടുകടകൾ, വഴിയോര ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. ഫുഡ് സേഫ്റ്റി, കൊച്ചി നഗരസഭ ആരോഗ്യ വിഭാഗം, പോലീസ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഇതിന്റെ ഭാഗമായി ജൂലൈ 20-ന് വൈകിട്ട് കലൂർ, കടവന്ത്ര പ്രദേശങ്ങളിലെ 8 സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി.
പരിശോധനയിൽ കുടിവെള്ള പരിശോധനാ റിപ്പോർട്ട് ഹാജരാക്കാത്ത 6 കടകളിൽ നിന്ന് വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്കായി അയച്ചു. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ ഒരു കട ഉദ്യോഗസ്ഥർ അടപ്പിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്നായി ആകെ 6,000 രൂപ പിഴയും ഈടാക്കി. കുടിവെള്ള പരിശോധനാ സർട്ടിഫിക്കറ്റിന്റെ അഭാവം, ജീവനക്കാരുടെ ഹെൽത്ത് കാർഡില്ലായ്മ, പഴയതും ഉപയോഗശൂന്യവുമായ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കൽ തുടങ്ങിയ നിയമലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.
ഭക്ഷണശാലകൾ കർശനമായി പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ അടങ്ങിയ ബോർഡുകളും പോസ്റ്ററുകളും സ്ഥാപനങ്ങളിൽ പ്രദർശിപ്പിച്ചു. വരും ദിവസങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ ശക്തമായി തുടരുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷാഹിർഷാ അറിയിച്ചു. പകർച്ചവ്യാധികൾക്ക് ഇടയാക്കുന്ന രീതിയിൽ ആഹാരപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പരിശോധനയ്ക്ക് നേതൃത്വം നൽകിയവർ:
ഡി.എം.ഒ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരായ സന്തോഷ് കെ.ടി, ബാബു എം.ആർ, കോർപ്പറേഷൻ ഹെൽത്ത് വിഭാഗം ഫുഡ് അനലിസ്റ്റ് ശ്രീല വി.ബി, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷൈനി കെ.കെ, സംഗീത എം.എം, ശ്രീ കല, ഫുഡ് സേഫ്റ്റി ഓഫീസർമാരായ റാണി ചാക്കോ, എലിസബത്ത് ജെൻസി, കൊച്ചി സിറ്റി പോലീസ് ഉദ്യോഗസ്ഥരായ വിജേഷ്, ഷാജഹാൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.