കൊച്ചി ധനുഷ്കോടി പാതയിലെ എഐ ക്യാമറകൾ അപ്രത്യക്ഷമായി അപകടങ്ങൾ പെരുകുന്നു

കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ വാളകം, കടാതി എന്നിവിടങ്ങളിൽ സ്ഥാപിച്ചിരുന്ന എഐ ക്യാമറകൾ അപ്രത്യക്ഷമായി. റോഡ് സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ അപകടങ്ങൾ വർധിക്കുന്നതായി പരാതി

കൊച്ചി ധനുഷ്കോടി പാതയിലെ എഐ ക്യാമറകൾ അപ്രത്യക്ഷമായി അപകടങ്ങൾ പെരുകുന്നു
കൊച്ചി – ധനുഷ്കോടി പാതയിലെ വളകത്തും കടാതിയിലുമുള്ള എഐ ക്യാമറ നഷ്ടമായ ക്യാമറ പോസ്റ്റുകൾ

കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ എഐ ക്യാമറകൾ 'അപ്രത്യക്ഷമായി'; വാളകത്തും കടാതിയിലും നിരീക്ഷണമില്ല, അപകടഭീതിയേറുന്നു

​മൂവാറ്റുപുഴ: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനായി സ്ഥാപിച്ച എഐ ക്യാമറകൾ അപ്രത്യക്ഷമായി. കോലഞ്ചേരി മുതൽ മൂവാറ്റുപുഴ വരെയുള്ള ഭാഗത്ത് വാളകം, കടാതി എന്നിവിടങ്ങളിലെ ക്യാമറകളാണ് കാണാതായത്. ഇതോടെ പാതയിൽ അമിതവേഗവും നിയമലംഘനങ്ങളും വർധിക്കുന്നത് യാത്രക്കാർക്കും നാട്ടുകാർക്കും വലിയ ആശങ്കയുണ്ടാക്കുന്നു.

​ക്യാമറകൾ പോയ വഴി

​റോഡ് വീതി കൂട്ടുന്ന ജോലികൾക്കിടെ ഇരുമ്പ് തൂൺ മറിഞ്ഞുവീണതിനെത്തുടർന്നാണ് കടാതിയിലെ ക്യാമറ ആദ്യം അപ്രത്യക്ഷമായത്. ആഴ്ചകൾക്ക് മുൻപ് വാളകം കരട്ടെ ഭാഗത്ത് നിയന്ത്രണം വിട്ട കാറിടിച്ച് ക്യാമറ പോസ്റ്റ് ചരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അവിടെനിന്നും ക്യാമറ കാണാതായത്. അപകടമുണ്ടാക്കിയ വാഹന ഉടമ നടപടി ഭയന്ന് ക്യാമറ മാറ്റിയതാണെന്നും അതല്ല മറ്റാരോ ബോധപൂർവം കവർന്നതാണെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.

​അപകടക്കെണിയായി ദേശീയപാത

​പെരുവംമൂഴി മുതൽ കടാതി വരെ അപകടങ്ങൾ പതിവാണെങ്കിലും നിലവിൽ ഇവിടെ മോട്ടോർ വാഹന വകുപ്പിന്റെയോ പൊലീസിന്റെയോ കാര്യമായ നിരീക്ഷണ സംവിധാനങ്ങളില്ല. റോഡ് നവീകരണത്തിന്റെ ഭാഗമായി എടുത്ത കുഴികൾ കൃത്യമായി മൂടാത്തതും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു.

​യാത്രക്കാരുടെ ജീവൻ സംരക്ഷിക്കാൻ നിരീക്ഷണ ക്യാമറകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും റോഡിലെ അപകടക്കെണികൾ ഒഴിവാക്കണമെന്നും വാളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജോ പാപ്പാലിൽ ആവശ്യപ്പെട്ടു. അതേസമയം, ക്യാമറകൾ കാണാതായതിനെക്കുറിച്ച് എൻഎച്ച്എഐ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.