രക്ഷാപ്രവർത്തനത്തിന് ശാസ്ത്രീയ പരിശീലനം യുവ ആപ്ദമിത്ര പദ്ധതിയുമായി ദുരന്തനിവാരണ അതോറിറ്റി
കോഴിക്കോട് ജില്ലയിൽ യുവ ആപ്ദമിത്ര പദ്ധതിയുടെ ഭാഗമായി സന്നദ്ധപ്രവർത്തകർക്കുള്ള ദുരന്തനിവാരണ പരിശീലനം ആരംഭിച്ചു. 250 വളണ്ടിയർമാർക്ക് നാല് ഘട്ടങ്ങളിലായി ശാസ്ത്രീയ പരിശീലനം നൽകും.
യുവ ആപ്ദമിത്ര: കോഴിക്കോട് ജില്ലയിൽ സന്നദ്ധപ്രവർത്തകർക്കുള്ള ദുരന്തനിവാരണ പരിശീലനം ആരംഭിച്ചു
കോഴിക്കോട്: ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും നെഹ്‌റു യുവകേന്ദ്രയും സംയുക്തമായി നടപ്പാക്കുന്ന 'യുവ ആപ്ദമിത്ര' പദ്ധതിയുടെ ജില്ലാതല പരിശീലന പരിപാടിക്ക് തുടക്കമായി. കോഴിക്കോട് യൂത്ത് ഹോസ്റ്റലിൽ നടന്ന ചടങ്ങിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. സജീദ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. മൈ ഭാരത് ഡെപ്യൂട്ടി ഡയറക്ടർ സി. സനൂപ് അധ്യക്ഷത വഹിച്ചു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ (DDMA) മേൽനോട്ടത്തിൽ നെഹ്‌റു യുവകേന്ദ്രയിലെ 250 മൈ ഭാരത് വളണ്ടിയർമാർക്കാണ് പരിശീലനം നൽകുന്നത്. നാല് ഘട്ടങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ക്യാമ്പ് ഏപ്രിൽ 26 വരെ നീണ്ടുനിൽക്കും. ദുരന്തമുഖത്തെ അടിയന്തര ഇടപെടലുകൾ, ശാസ്ത്രീയമായ രക്ഷാപ്രവർത്തന രീതികൾ, സുരക്ഷാ മുൻകരുതലുകൾ എന്നിവയിലാണ് പ്രധാനമായും പരിശീലനം നൽകുന്നത്.
പരിശീലനം പൂർത്തിയാക്കുന്ന സന്നദ്ധപ്രവർത്തകർക്ക് സർട്ടിഫിക്കറ്റ്, ഐഡി കാർഡ്, യൂണിഫോം, എമർജൻസി കിറ്റുകൾ എന്നിവ വിതരണം ചെയ്യും. ചടങ്ങിൽ ഡിസാസ്റ്റർ മാനേജ്മെന്റ് ജൂനിയർ സൂപ്രണ്ട് ഹാരിസ്, ജില്ലാ ഹസാർഡ് അനലിസ്റ്റ് പി. അശ്വതി, പ്ലാൻ കോർഡിനേറ്റർ സി. തസ്ലീം ഫാസിൽ, വളണ്ടിയർമാരായ ഉവൈസ്, റയീസ് ബഷീർ, ബിനോയ് തുടങ്ങിയവർ സംസാരിച്ചു.