ജോലി പോയി, കഞ്ചാവ് വാങ്ങാൻ പണമില്ല വീട്ടുമുറ്റത്ത് കൃഷി തുടങ്ങിയ സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വീട്ടിൽ കഞ്ചാവ് കൃഷി ചെയ്ത സോഫ്റ്റ്‌വെയർ എൻജിനീയർ ഹൈദരാബാദിൽ പിടിയിൽ. 17 ചെടികളും രണ്ട് ബി.ടെക് വിദ്യാർത്ഥികളെയും എക്സൈസ് പിടികൂടി.
ലഹരിക്കായി ടെറസിൽ കഞ്ചാവ് കൃഷി; ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ
ഹൈദരാബാദ്: വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ സോഫ്റ്റ്‌വെയർ എൻജിനീയറെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ നാച്ചാരം സ്വദേശിയായ സി.എച്ച്. ശശിധറാണ് പിടിയിലായത്. ലഹരിക്ക് അടിമയായ ഇയാൾ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് വീട്ടിൽ തന്നെ കൃഷി ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയിൽ ജീവനക്കാരനായിരുന്ന ശശിധർ, തന്റെ വരുമാനത്തിന്റെ വലിയൊരു ഭാഗം ലഹരി വാങ്ങാനാണ് ഉപയോഗിച്ചിരുന്നത്. ലഹരി ഉപയോഗം അമിതമായതോടെ ജോലി നഷ്ടപ്പെടുകയും തുടർന്ന് കഞ്ചാവ് വാങ്ങാൻ പണമില്ലാത്ത അവസ്ഥ വരികയും ചെയ്തു. ഇതിനൊടുവിലാണ് സ്വന്തം വീടിന്റെ ടെറസിൽ കഞ്ചാവ് വളർത്താൻ ഇയാൾ തീരുമാനിച്ചത്.
രഹസ്യവിവരത്തെത്തുടർന്ന് എസ്.ഐ ബാലരാജിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 17 കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. ഇവയിൽ ചിലത് പൂവിട്ട അവസ്ഥയിലായിരുന്നു. മൂന്ന് മീറ്റർ വരെ ഉയരമുള്ള ചെടികളും ഇതിൽ ഉൾപ്പെടുന്നു. പിടിച്ചെടുത്ത ചെടികൾക്ക് ഏകദേശം 10 കിലോയോളം തൂക്കം വരുമെന്ന് എക്സൈസ് സംഘം അറിയിച്ചു.
മറ്റൊരു സംഭവത്തിൽ, ഹൈദരാബാദിൽ തന്നെ കഞ്ചാവുമായി രണ്ട് ബി.ടെക് വിദ്യാർത്ഥികളെയും എക്സൈസ് പിടികൂടി. ബണ്ടി അരുൺ കുമാർ, ബി. അഷിഷ് എന്നിവരാണ് അറസ്റ്റിലായ വിദ്യാർത്ഥികൾ. സംഭവത്തിൽ എക്സൈസ് സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.