എം എൽ എ കപ്പ് ഫുട്ബോൾ ടൂർണമെന്റ് സീസൺ 4
എം.എൽ.എ കപ്പ് ഫുട്ബോൾ ടൂർണമെന്റ് സീസൺ 4 നാളെ മുതൽ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവ്വഹിക്കും
എം.എൽ.എ കപ്പ് ഫുട്ബോൾ ടൂർണമെന്റ് സീസൺ 4 നാളെ മുതൽ; ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവ്വഹിക്കും
കൊച്ചി: എറണാകുളം നിയോജകമണ്ഡലത്തിലെ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായി ടി.ജെ. വിനോദ് എം.എൽ.എ സംഘടിപ്പിക്കുന്ന ‘എം.എൽ.എ കപ്പ്’ ഫുട്ബോൾ ടൂർണമെന്റിന്റെ നാലാം പതിപ്പിന് നാളെ (ജനുവരി 7) തുടക്കമാകും. ‘എറണാകുളം അഡിക്റ്റഡ് റ്റു ഫുട്ബോൾ’ എന്ന പ്രമേയത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം ലക്ഷ്യമിട്ടാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ജനുവരി 7, 8, 9 തീയതികളിൽ മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുക.
നാളെ രാവിലെ 7 മണിക്ക് സെന്റ് ആൽബെർട്സ് എച്ച്.എസ്.എസും മാതാനഗർ പബ്ലിക്ക് സ്കൂളും തമ്മിലുള്ള മത്സരത്തോടെ ടൂർണമെന്റിന് തുടക്കമാകും. വൈകിട്ട് 3 മണിക്ക് ടി.ജെ. വിനോദ് എം.എൽ.എയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി ടൂർണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
മുഹമ്മദ് ഷിയാസ്, ഡെപ്യൂട്ടി മേയർ ദീപക് ജോയ്, ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, കൗൺസിലർമാരായ കെ.വി.പി കൃഷ്ണകുമാർ, ടൈസൺ, സുധ ദിലീപ്കുമാർ, പ്രിൻസിപ്പൽ ഡോ. ജി.എൻ പ്രകാശ്, വിജു ചൂളയ്ക്കൽ, സനൽ നെടിയതറ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ജനുവരി 9-ന് നടക്കുന്ന സമാപന സമ്മേളനം മേയർ അഡ്വ. വി.കെ മിനിമോൾ ഉദ്ഘാടനം ചെയ്യും. ഫൈനൽ ദിനത്തിൽ വൈകിട്ട് 3 മണിക്ക് മഹാരാജാസ് കോളേജ് വനിതാ ടീമും എസ്.ആർ.വി സ്കൂൾ വനിതാ ടീമും തമ്മിലുള്ള പ്രദർശന മത്സരവും നടക്കും. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകും. കായിക പ്രേമികൾക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് എം.എൽ.എ അറിയിച്ചു

