ആലുവയിൽ വൻ കഞ്ചാവ് വേട്ട: 35 കിലോ കഞ്ചാവുമായി മലയാളിയടക്കം 7 പേർ പിടിയിൽ
ആലുവയിൽ രണ്ടിടങ്ങളിലായി നടത്തിയ മിന്നൽ പരിശോധനയിൽ 35 കിലോഗ്രാം കഞ്ചാവുമായി ഏഴ് പേരെ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. ഒഡീഷയിൽ നിന്ന് തീവണ്ടി മാർഗ്ഗമാണ് കഞ്ചാവ് എത്തിച്ചത്.
ആലുവ: ആലുവയിൽ രണ്ടിടങ്ങളിലായി പോലീസ് നടത്തിയ വൻ കഞ്ചാവ് വേട്ടയിൽ 35 കിലോഗ്രാം കഞ്ചാവുമായി ഒരു മലയാളിയും ആറ് ഇതര സംസ്ഥാന തൊഴിലാളികളും പിടിയിലായി. ഒഡീഷയിൽ നിന്ന് തീവണ്ടി മാർഗം അങ്കമാലിയിലെത്തിച്ച ശേഷം ഓട്ടോറിക്ഷകളിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (ഡാൻസാഫ്) പിടികൂടിയത്.
തോട്ടക്കാട്ടുകരയിൽ വച്ച് നടത്തിയ ആദ്യ പരിശോധനയിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സുജൻ മണ്ഡൽ (31), ഇനാഫുൽ മണ്ഡൽ (26), മഫീക്കുൽ മണ്ഡൽ (25) എന്നിവരെയും ആലുവ നൊച്ചിമ പുളിക്കലത്ത് വീട്ടിൽ ആസാദിനെയും (41) പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം അങ്കമാലിയിൽ ഇറങ്ങിയ സംഘം ഓട്ടോ ഡ്രൈവറായ ആസാദിന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കിലോയ്ക്ക് 18,000 രൂപ നിരക്കിലാണ് ആസാദിന് കഞ്ചാവ് കൈമാറിയിരുന്നത്.
ദേശത്ത് വച്ച് നടത്തിയ രണ്ടാമത്തെ പരിശോധനയിൽ ഓട്ടോയിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി മൂർഷിദാബാദ് സ്വദേശികളായ രാകേഷ് മണ്ഡൽ (25), ബാപ്പി വിശ്വാസ് (28), മാഫിക്കുൽ ബിശ്വാസ് (22) എന്നിവരെയും പോലീസ് പിടികൂടി. അങ്കമാലിയിൽ ട്രെയിൻ ഇറങ്ങി ഓട്ടോ വിളിച്ച് കുട്ടമശേരി ഭാഗത്തേക്ക് പോകുന്ന വഴിയാണ് ഇവർ വലയിലായത്. ഷോൾഡർ ബാഗുകളിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ മേൽനോട്ടത്തിൽ ഡാൻസാഫ് ടീം, പെരുമ്പാവൂർ എ.എസ്.പി ഹാർദ്ദിക് മീണ, ഡി.വൈ.എസ്.പിമാരായ ജെ. ഉമേഷ് കുമാർ, ബാബുക്കുട്ടൻ, ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്.ഐമാരായ വന്ദന കൃഷ്ണ, അജിത് കുമാർ, വി.ആർ. വിഷ്ണു, കെ.കെ. സജീഷ്, ടി. അനൂപ്, ബിജു, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, ബിനു, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്ക്, സി.പി.ഒമാരായ റോബിൻ ജോയി, മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, വി.എ. അഫ്സൽ, സിറാജുദ്ദീൻ, അരവിന്ദ് വിജയൻ, ഗസ്നി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഈ വർഷം ഇതുവരെ എറണാകുളം റൂറൽ ജില്ലയിൽ മാത്രം 375 കിലോഗ്രാമോളം കഞ്ചാവാണ് പോലീസ് പിടികൂടിയത്

