കുട്ടികളിലെ സർഗവാസനകൾക്ക് നിറമേകി വർണച്ചിറകുകൾ കോഴിക്കോട് ചിത്രകലാ ശില്പശാല സംഘടിപ്പിച്ചു
ഇൻസൈറ്റ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ബാലസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി ചൈൽഡ് വെൽഫെയർ കമ്മിറ്റി വർണച്ചിറകുകൾ ചിത്രകലാ ശില്പശാല സംഘടിപ്പിച്ചു.
കോഴിക്കോട്: ജില്ലയിലെ ബാലസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇൻസൈറ്റ് പദ്ധതിയുടെ ഭാഗമായി ചിത്രകലാ ശില്പശാല സംഘടിപ്പിച്ചു. കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (CWC) ആഭിമുഖ്യത്തിൽ 'വർണച്ചിറകുകൾ' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി കുട്ടികൾക്ക് പുതിയൊരു അനുഭവമായി.
ഗവ. ചിൽഡ്രൻസ് ഹോം (ഗേൾസ്) ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല സി.ഡബ്ല്യു.സി ചെയർപേഴ്സൺ അഡ്വ. ഷിജി എ. റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ചിൽഡ്രൻസ് ഹോം ഫോർ ബോയ്സ്, ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ്, എൻട്രി ഹോം എന്നിവിടങ്ങളിലെ അന്തേവാസികളായ കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുത്തത്. ചിത്രരചന, പെയിന്റിങ് എന്നീ മേഖലകളിൽ വിദഗ്ധ പരിശീലനം കുട്ടികൾക്ക് നൽകി.
സി.ഡബ്ല്യു.സി മെമ്പർ അഷ്റഫ് കാവിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർമാരായ വി.ബി അഖിൽ, കെ.ബി സ്മിത, സ്ഥാപന സൂപ്രണ്ടുമാരായ ഉസ്മാൻ, റസിയ, ഷൈനി തുടങ്ങിയവർ സംസാരിച്ചു. ശില്പശാലയുടെ ഭാഗമായി കുട്ടികൾ തയാറാക്കിയ വൈവിധ്യമാർന്ന ചിത്രങ്ങളുടെ പ്രദർശനവും ഓഡിറ്റോറിയത്തിൽ ഒരുക്കിയിരുന്നു.

