146 വർഷം പഴക്കമുള്ള കെല്ലൂർ സ്കൂൾ അപ്ഗ്രേഡ് ചെയ്യും വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി ന്യുനപക്ഷ കമ്മീഷൻ
മാനന്തവാടി കെല്ലൂർ ഗവ. എൽ.പി സ്കൂൾ യു.പി സ്കൂളായി ഉയർത്താൻ വിദ്യാഭ്യാസ വകുപ്പിന് സംസ്ഥാന ന്യുനപക്ഷ കമ്മീഷൻ നിർദ്ദേശം നൽകി. വയനാട് കളക്ടറേറ്റിൽ നടന്ന അദാലത്തിലാണ് നടപടി.
കെല്ലൂർ ഗവ. എൽ.പി സ്കൂൾ യു.പി സ്കൂളായി ഉയർത്താൻ സംസ്ഥാന ന്യുനപക്ഷ കമ്മീഷന്റെ നിർദ്ദേശം
വയനാട്: മാനന്തവാടി താലൂക്കിലെ 146 വർഷം പഴക്കമുള്ള കെല്ലൂർ ഗവ. എൽ.പി സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്താൻ വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർക്ക് സംസ്ഥാന ന്യുനപക്ഷ കമ്മീഷൻ നിർദ്ദേശം നൽകി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കമ്മീഷൻ അദാലത്തിലാണ് ഈ സുപ്രധാന ഉത്തരവ്. വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളും ജനസാന്ദ്രതയും പരിഗണിച്ച് സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് സർക്കാരിലേക്ക് ശുപാർശ നൽകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
1.8 ഏക്കർ സ്ഥലമുള്ള ഈ വിദ്യാലയത്തിൽ നിലവിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 277 കുട്ടികളാണ് പഠിക്കുന്നത്. 11 ഡിവിഷനുകളും 17 ക്ലാസ് മുറികളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും കളിസ്ഥലം, കമ്പ്യൂട്ടർ ലാബ്, ശുചിമുറികൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളും സ്കൂളിCലുണ്ട്. പി.ടി.എ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ അംഗം എ. സൈഫുദ്ദീന്റെ ഇടപെടൽ.
അതേസമയം, ചൂരൽമല-മുണ്ടക്കൈ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന മേഖലയിൽ മതസ്ഥാപനങ്ങൾ നിർമ്മിക്കുന്നത് സംബന്ധിച്ചും അദാലത്തിൽ ചർച്ച നടന്നു. ടൗൺഷിപ്പ് മാസ്റ്റർ പ്ലാനിൽ ആരാധനാലയങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ ജനപ്രതിനിധികളുടെയും സംഘടനകളുടെയും യോഗം വിളിച്ച് പരിഹാരം കാണാൻ ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. നൂൽപ്പുഴ വില്ലേജിലെ ചെട്ട്യാലത്തൂർ പുനരധിവാസ വിഷയവും അദാലത്ത് പരിഗണിച്ചു. ആകെ പരിഗണിച്ച അഞ്ചു കേസുകളിൽ നാലെണ്ണം തീർപ്പാക്കിയതായി കമ്മീഷൻ അറിയിച്ചു