പര്യത്തുകാവ് ഭൂമി തർക്കം പരിഹരിച്ചു നിവാസികൾക്ക് അഞ്ച് സെന്റ് സ്ഥലവും വഴിയും നൽകാൻ തീരുമാനം ഒരു വർഷത്തിനകം വീട് വെച്ച് നൽകുമെന്ന് മന്ത്രി റോജി എം. ജോൺ
എറണാകുളം പര്യത്തുകാവ് ഭൂമി തർക്കം രമ്യമായി പരിഹരിച്ചു. നിവാസികൾക്ക് അഞ്ച് സെന്റ് സ്ഥലവും റോഡും ഒരു വർഷത്തിനകം വീടും നൽകുമെന്ന് മന്ത്രി റോജി എം. ജോൺ.
പര്യത്തുകാവ് ഭൂമി തർക്കം പരിഹരിച്ചു: നിവാസികൾക്ക് അഞ്ച് സെന്റ് സ്ഥലവും വഴിയും നൽകാൻ തീരുമാനം; ഒരു വർഷത്തിനകം വീട് വെച്ച് നൽകുമെന്ന് മന്ത്രി റോജി എം. ജോൺ
കൊച്ചി: ഏറെ നാളായി നിലനിന്നിരുന്ന പര്യത്തുകാവ് ഭൂമി തർക്കത്തിന് രമ്യമായ പരിഹാരം. പര്യത്തുകാവ് നിവാസികൾക്ക് അതേ വസ്തുവിൽ തന്നെ അഞ്ച് സെന്റ് സ്ഥലവും അങ്ങോട്ടേക്കുള്ള റോഡ് സൗകര്യവും നൽകാൻ ഉന്നതതല യോഗത്തിൽ തീരുമാനമായതായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ അറിയിച്ചു. ഭൂമിയിൽ താമസിക്കുന്നവരും ഭൂവുടമകളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ഈ നിർണായക തീരുമാനം ഉണ്ടായത്.
ഒരു വർഷത്തിനുള്ളിൽ ഈ ഭൂമിയിൽ നിവാസികൾക്ക് വീട് വെച്ച് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. വീടുപണി പൂർത്തിയാകുന്നത് വരെ ഇവർക്ക് നിലവിലെ വീടുകളിൽ തന്നെ താമസിക്കാം. കൂടാതെ, ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ മരം മുറിച്ച് മാറ്റുന്നതിനുള്ള അവസരവും ഇവർക്ക് നൽകും. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ടുണ്ടായ സമരങ്ങളുടെ ഭാഗമായുള്ള കേസുകൾ മുഴുവൻ പിൻവലിക്കാനും യോഗത്തിൽ ധാരണയായിട്ടുണ്ട്.
രണ്ടു ദിവസത്തിനകം ഇരുവിഭാഗങ്ങളും ഇതുസംബന്ധിച്ച കരാറിൽ ഒപ്പിടും. ഈ കരാർ അഡ്വക്കേറ്റ് ജനറൽ മുഖേന ജൂൺ 16-ന് ഹൈക്കോടതിയിൽ സമർപ്പിക്കും. വീട് പണി പൂർത്തിയാകുന്നത് വരെയുള്ള തുടർനടപടികൾ സുഗമമായി നടത്തുന്നതിനായി മൂവാറ്റുപുഴ ആർ.ഡി.ഒ, ഡി.വൈ.എസ്.പി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ വി.പി സജീന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, എറണാകുളം റൂറൽ എസ് പി സുന്ദർശൻ, അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ മുക്താർ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ, സെക്രട്ടറി പി.എം അബ്ദുൽ ലത്തീഫ്, കുന്നത്തുനാട് തഹസിൽദാർ എം.മായ, സമരസമിതി അംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

