വിഴിഞ്ഞം ഓഹരി കൈമാറ്റം അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി കൺസഷൻ കരാർ ലംഘിച്ചെന്ന് ആക്ഷേപം

വിഴിഞ്ഞം തുറമുഖത്തിന്റെ 49% ഓഹരികൾ MSC കമ്പനിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി. മുൻകൂർ അനുമതി വാങ്ങിയില്ലെന്ന് ആക്ഷേപം.

വിഴിഞ്ഞം ഓഹരി കൈമാറ്റം അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി കൺസഷൻ കരാർ ലംഘിച്ചെന്ന് ആക്ഷേപം
വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി; കരാർ ലംഘനമെന്ന് പ്രതിപക്ഷം

​വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി; കരാർ ലംഘനമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയതിൽ അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് മാനേജ്മെന്റിനെ മുഖ്യമന്ത്രി വി.ഡി. സതീശൻ അതൃപ്തി അറിയിച്ചു. സംസ്ഥാന സർക്കാരിനെ അറിയിക്കുകയോ കൂടിയാലോചനകൾ നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ (എവിപിപിഎൽ) 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (MSC) നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനമുണ്ടായതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

​സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയ കൺസഷൻ കരാർ പ്രകാരം സർക്കാരിന്റെ അനുമതിയോടു കൂടി മാത്രമേ കൺസഷനറുടെ ഓഹരി ഘടനയിൽ മാറ്റം വരുത്താനാകൂ. കൺസഷൻ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിർദേശങ്ങളും കർഷനമായി പരിശോധിച്ചതിനു ശേഷം ഇക്കാര്യത്തിൽ സർക്കാർ തുടർ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ താല്പര്യം പൂർണമായും സംരക്ഷിച്ച്, വിഴിഞ്ഞം തുറമുഖത്തെ ആഗോളതലത്തിൽ മത്സരശേഷിയുള്ള ട്രാൻസ്ഷിപ്മെന്റ് ഹബ്ബെന്ന നിലയിൽ അതിന്റെ പൂർണ സാധ്യതകൾ കൈവരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​സംസ്ഥാന സർക്കാരിനെ അറിയിക്കാതെ ജൂൺ 29-നാണ് അദാനി ഗ്രൂപ്പ് എംഎസ്സി കമ്പനിയുമായി കരാറിൽ ഏർപ്പെട്ടത്. ഈ കരാർ സർക്കാർ യാതൊരു കാരണവശാലും അംഗീകരിക്കരുതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി അദാനി ഗ്രൂപ്പിനെ ഔദ്യോഗികമായി അതൃപ്തി അറിയിച്ചത്.

​അപകടകരമായ കുത്തകവത്കരണമെന്ന് മുൻ തുറമുഖ മന്ത്രി

​അതേസമയം, വിഴിഞ്ഞം തുറമുഖത്തിൽ അദാനി കമ്പനി നടത്തുന്ന ഓഹരി വിൽപ്പന അപകടകരമായ കുത്തകവത്കരണത്തിന് കാരണമാകുമെന്ന് മുൻ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു. ബഹുരാഷ്ട്ര ഷിപ്പിങ് കമ്പനിയായ എംഎസ്സിക്ക് വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ കൈമാറുന്നത് ഞെട്ടലുളവാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

​നിർമാണ കരാർ പ്രകാരം 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റം നടക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അംഗീകാരം ആവശ്യമാണ്. സംസ്ഥാന താല്പര്യത്തിന് വിരുദ്ധമായി 13,000 കോടി രൂപയുടെ ഓഹരി രാജ്യാന്തര ഷിപ്പിങ് ഭീമന് കൈമാറാനുള്ള നിർമാണ കമ്പനിയുടെ ഏകപക്ഷീയമായ ശ്രമങ്ങൾ ഒറ്റനോട്ടത്തിൽ നിയമവിരുദ്ധമാണെന്നും ഇതിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

​വിഴിഞ്ഞത്തെ ലോകോത്തര നിലവാരത്തിലുള്ള ഒരു ‘മൾട്ടി-ഓപ്പറേറ്റർ’ തുറമുഖമാക്കാനാണ് സംസ്ഥാനം ലക്ഷ്യമിട്ടത്. എന്നാൽ ഒരു പ്രത്യേക ഷിപ്പിങ് കമ്പനിക്കുവേണ്ടി കുത്തകവൽക്കരിക്കാനുള്ള ഗൂഢനീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇത് അനുവദിച്ചാൽ ‘മൾട്ടി-ക്ലയിന്റ്’ സംവിധാനം ഇല്ലാതാകും. തുറമുഖം ഒരു കമ്പനിയുടെ മാത്രം കുത്തകയായാൽ കയറ്റുമതിക്കാർക്ക് ആ കമ്പനിയുടെ കപ്പലുകളെയും അവർ നിശ്ചയിക്കുന്ന നിരക്കുകളെയും മാത്രം ആശ്രയിക്കേണ്ട ഗതികേടുണ്ടാകും. രാജ്യത്തെ പ്രധാനപ്പെട്ട ഭൂഘടനയിലുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമസ്ഥാവകാശം ബഹുരാഷ്ട്ര കമ്പനിക്ക് നൽകുന്നത് ദേശീയ സുരക്ഷാ താല്പര്യങ്ങൾക്ക് ഭീഷണിയാവുമെന്നും അഹമ്മദ് ദേവർകോവിൽ ചൂണ്ടിക്കാട്ടി.