വാണിജ്യ സിലിണ്ടർ വിലയിൽ വൻ വർധന 195.50 രൂപ കൂട്ടി ഹോട്ടൽ മേഖല പ്രതിസന്ധിയിൽ
സംസ്ഥാനത്ത് വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വർധിപ്പിച്ചു. സിലിണ്ടറിന് 195.50 രൂപയാണ് വർധിപ്പിച്ചത്. വിലക്കയറ്റവും സിലിണ്ടർ ക്ഷാമവും കേരളത്തിലെ ഹോട്ടൽ വ്യവസായത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.
കൊച്ചി: സംസ്ഥാനത്ത് വാണിജ്യാവശ്യത്തിനുള്ള (19 കിലോഗ്രാം) എൽപിജി സിലിണ്ടർ വിലയിൽ വൻ വർധനവ്. പുതുക്കിയ നിരക്കനുസരിച്ച് സിലിണ്ടറിന് 195.50 രൂപയാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 2092 രൂപയായി ഉയർന്നു. തിരുവനന്തപുരത്ത് 2113 രൂപയും കോഴിക്കോട്ട് 2214.5 രൂപയുമാണ് പുതിയ നിരക്ക്.
കഴിഞ്ഞ മാസം ഏഴിന് 115 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില കൂട്ടിയിരിക്കുന്നത്. തുടർച്ചയായ വിലക്കയറ്റം ചെറുകിട-വൻകിട ഹോട്ടൽ ഉടമകളെ ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതേസമയം, വീട്ടാവശ്യത്തിനുള്ള (14.2 കിലോഗ്രാം) സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമില്ല എന്നത് സാധാരണക്കാർക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്.
ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
വിലക്കയറ്റത്തിനൊപ്പം വാണിജ്യ സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെട്ടതും ഹോട്ടൽ മേഖലയെ തളർത്തുന്നു. നിലവിൽ കേരളത്തിലെ 50 ശതമാനത്തോളം ഹോട്ടലുകൾ അടഞ്ഞുകിടക്കുകയാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ (കെഎച്ച്ആർഎ) സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ വ്യക്തമാക്കി. പശ്ചിമേഷ്യൻ സാഹചര്യം കണക്കിലെടുത്ത് വിലവർധനവ് അംഗീകരിക്കാമെങ്കിലും, സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ സിലിണ്ടറുകൾ കൃത്യമായി ലഭ്യമാക്കണമെന്നാണ് ഹോട്ടലുടമകളുടെ ആവശ്യം.
തുടർച്ചയായ വർധനവ്
ഈ വർഷം ജനുവരി ഒന്ന് മുതൽ സിലിണ്ടർ വിലയിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തുന്നത്. ജനുവരി ഒന്നിന് 111 രൂപയും, ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് 49 രൂപയും മാർച്ച് ഒന്നിന് 31 രൂപയോളവും വർധിപ്പിച്ചിരുന്നു. കേന്ദ്രം വിഹിതം 70 ശതമാനമായി ഉയർത്തിയിട്ടുണ്ടെങ്കിലും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഇപ്പോഴും തുടരുകയാണ്.

