ഏറ്റുമാനൂർ പേരൂർക്കവലയിൽ വൻ തീപിടുത്തം നാല് കടകൾ കത്തിനശിച്ചു
ഏറ്റുമാനൂർ പേരൂർക്കവലയിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ ഹോട്ടലും സ്റ്റേഷനറി കടയുമടക്കം നാല് സ്ഥാപനങ്ങൾ കത്തിയമർന്നു. അഗ്നിരക്ഷാസേന തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.
ഏറ്റുമാനൂർ പേരൂർക്കവലയിൽ വൻ തീപിടുത്തം; നാല് കടകൾ കത്തിയമർന്നു
ഏറ്റുമാനൂർ: പേരൂർക്കവലയിൽ ഇന്ന് പുലർച്ചെയുണ്ടായ വൻ തീപിടുത്തത്തിൽ നാല് വ്യാപാര സ്ഥാപനങ്ങൾ കത്തിയമർന്നു. സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര കേന്ദ്രം എന്നിവയ്ക്കാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ 1.20 ഓടെയാണ് സംഭവം നടന്നത്.
കൊച്ചുപുരയ്ക്കൽ ട്രേഡേഴ്സിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ മത്സ്യമാർക്കറ്റിലെ തൊഴിലാളികളാണ് കടകളിൽ നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ ഇവർ രക്ഷാപ്രവർത്തനം ആരംഭിക്കുകയും വിവരമറിയിച്ചതിനെ തുടർന്ന് രാത്രി ഇലക്ഷൻ ഡ്യൂട്ടിക്കെത്തിയ ബിജെപി, കോൺഗ്രസ്, സിപിഎം പ്രവർത്തകരും സഹായത്തിനെത്തി. എന്നാൽ തീ നിയന്ത്രണവിധേയമാക്കാൻ സാധിക്കാതെ വന്നതോടെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
കോട്ടയത്ത് നിന്നും അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നത്. സൽക്കാര ഹോട്ടലിലെയും പുകയില വ്യാപാര കേന്ദ്രത്തിലെയും തീ അണയ്ക്കാൻ സാധിച്ചെങ്കിലും മറ്റു രണ്ട് കടകളിലും അഗ്നിബാധ തുടരുകയാണ്. ഏറ്റുമാനൂർ പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.

