പമ്പയിലേക്ക് 900 കെ എസ് ആർ ടി സി ബസുകൾ

മകരവിളക്ക് പമ്പയിലേക്ക് 900 കെ.എസ്.ആർ.ടി.സി ബസുകൾ സജ്ജമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ ​

പമ്പയിലേക്ക് 900 കെ എസ് ആർ ടി സി ബസുകൾ
പമ്പയിലേക്ക് 900 കെ.എസ്.ആർ.ടി.സി ബസുകൾ സജ്ജമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ

മകരവിളക്ക്: പമ്പയിലേക്ക് 900 കെ.എസ്.ആർ.ടി.സി ബസുകൾ സജ്ജമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ

​പമ്പ: മകരവിളക്കിനോടനുബന്ധിച്ച് തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് പമ്പയിലേക്ക് സർവീസ് നടത്താൻ 900 കെ.എസ്.ആർ.ടി.സി ബസുകൾ സജ്ജമാക്കിയതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. തിരക്ക് വർദ്ധിക്കുകയാണെങ്കിൽ 100 ബസുകൾ കൂടി അധികമായി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. പമ്പയിൽ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​കൂടുതൽ ബസുകൾ എത്തുന്ന സാഹചര്യത്തിൽ പമ്പ ഹിൽടോപ്പിൽ വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തും. ഇത്തവണത്തെ ശബരിമല സീസണിൽ പരാതികൾ ഗണ്യമായി കുറഞ്ഞതായും കെ.എസ്.ആർ.ടി.സിയുടെ സേവനങ്ങളിൽ അയ്യപ്പന്മാർ സംതൃപ്തരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പമ്പയിലെത്തിയ തീർത്ഥാടകരുമായി മന്ത്രി നേരിട്ട് സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

​ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇത്തവണ റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണെന്നും, വരും സീസണുകളിൽ അപകടങ്ങൾ ഇല്ലാതാക്കാൻ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പമ്പ ശ്രീരാമസാകേതം ഹാളിൽ നടന്ന യോഗത്തിൽ ഗതാഗതവകുപ്പ് ജോയിന്റ് കമ്മിഷണർ പ്രമോദ് ശങ്കർ, സ്പെഷ്യൽ ഓഫീസർ ഡോ. അരുൺ എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.