കല്ലടയാറ്റിലെ കുത്തൊഴുക്കിൽപ്പെട്ട് വീട്ടമ്മ ധീരമായ ഇടപെടലിലൂടെ ജീവൻ കാത്ത് യുവാക്കൾ
കല്ലടയാറ്റിലെ കുത്തൊഴുക്കിൽപ്പെട്ട് ഒരു കിലോമീറ്ററോളം ഒഴുകിപ്പോയ വീട്ടമ്മയെ ജീവൻ പണയംവെച്ച് രക്ഷപ്പെടുത്തി യുവാക്കൾ. ഏറത്തുകുളക്കട സ്വദേശികളായ ഉണ്ണിക്കൃഷ്ണൻ, വിശാഖ് എന്നിവരുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.
കല്ലടയാറ്റിലെ മരണച്ചുഴലിയിൽ ഒരു കിലോമീറ്റർ ഒഴുകിപ്പോയി; വള്ളിപ്പടർപ്പിൽ ജീവന്റെ പിടിത്തം; വീട്ടമ്മയ്ക്ക് രക്ഷകരായി ഉണ്ണിക്കൃഷ്ണനും വിശാഖും
പത്തനംതിട്ട: കല്ലടയാറ്റിൽ വീണ് ശക്തമായ ഒഴുക്കിൽപെട്ട വീട്ടമ്മയെ ജീവന്റെ തീരത്തേക്ക് പിടിച്ചുകയറ്റി യുവാക്കൾ രക്ഷകരായി. ഏറത്തുകുളക്കട കണ്ണങ്കോട്ട് വീട്ടിൽ ഉണ്ണിക്കൃഷ്ണൻ, വടശേരിൽ വീട്ടിൽ വിശാഖ് എന്നിവരാണ് ജീവൻ പണയംവെച്ചുള്ള രക്ഷാദൗത്യത്തിലൂടെ ഒരു ആയുസ്സ് കാത്തത്.
ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. അന്തമണിനു സമീപത്തെ മൂഴിക്കൽ കടവിൽ വെച്ചാണ് വീട്ടമ്മ അബദ്ധത്തിൽ ആറ്റിൽ വീണത്. മഴ പെയ്ത് കല്ലടയാറ്റിൽ വെള്ളമുയർന്ന് ചുഴലിയും മലരിയുമായി കലിതുള്ളി ഒഴുകുന്ന സമയമായിരുന്നു ഇത്. മറുകരയിൽ നിന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഉണ്ണിക്കൃഷ്ണൻ കയ്യിൽ കയറുമായി ആറ്റുതീരത്തേക്ക് ഓടിയെത്തിയത്. ഈ സമയം എൻജിനീയറിങ് വിദ്യാർഥിയായ വിശാഖും ഒപ്പം ചേർന്നു.
ഏകദേശം ഒരു കിലോമീറ്ററോളം മുങ്ങിയും പൊങ്ങിയും ഒഴുക്കിൽപ്പെട്ട വീട്ടമ്മ കുളക്കട- ഇളങ്ങമംഗലം തൂക്കുപാലത്തിന് സമീപമെത്തിയപ്പോഴേക്കും ഒഴുക്കിന്റെ ശക്തിയിൽ മറുകരയിലേക്ക് അടുക്കുകയും വെള്ളത്തിലേക്ക് ചാഞ്ഞുകിടന്ന വള്ളിപടർപ്പിൽ പിടിത്തം കിട്ടുകയുമായിരുന്നു.
ഈ സമയം ഏനാത്ത് പാലത്തിന്റെ ഭാഗത്തുൾപ്പെടെ രക്ഷാപ്രവർത്തകരെ സജ്ജമാക്കിയ ശേഷം സ്ഥലത്തെത്തിയ വാർഡംഗം സുജിത്കുമാർ, വള്ളിപ്പടർപ്പിലെ പിടിവിടരുതെന്നും രക്ഷിക്കാൻ ആളുകളെത്തുന്നുണ്ടെന്നും വിളിച്ച് ധൈര്യം പകർന്നു. തുടർന്ന് ഒഴുക്കിനെ വകവെക്കാതെ ഉണ്ണിക്കൃഷ്ണനും വിശാഖും ചേർന്ന് കൃത്യസമയത്ത് കയർ എറിഞ്ഞുകൊടുത്ത് വീട്ടമ്മയെ കരയ്‌ക്കെത്തിക്കുകയായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ കരയ്‌ക്കെത്തിച്ച വീട്ടമ്മയെ ഏനാത്ത് പൊലീസ് ഉടൻ തന്നെ അടൂർ താലൂക്ക് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കയർ എറിഞ്ഞു നൽകാൻ സെക്കൻഡുകൾ വൈകിയിരുന്നെങ്കിൽ പിടിവിട്ട് വീണ്ടും താഴേക്ക് ഒഴുകിപ്പോകുമായിരുന്നു എന്ന് വീട്ടമ്മ രക്ഷാപ്രവർത്തകരോട് പറഞ്ഞു. യുവാക്കളുടെ സമയോചിതമായ ഇടപെടലിനെ നാട്ടുകാരും പൊലീസും അഭിനന്ദിച്ചു.