ബജറ്റിൽ ജനപ്രിയ പാക്കേജ് ശമ്പള പരിഷ്കരണവും പെൻഷൻ വർധനയും വരുന്നു
ജനപ്രിയ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ് ശമ്പളപരിഷ്കരണവും അഷ്വേഡ് പെൻഷനും വരുന്നു
ജനപ്രിയ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്: ശമ്പളപരിഷ്കരണവും അഷ്വേഡ് പെൻഷനും വരുന്നു
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനപ്രിയ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. ക്ഷേമ പെൻഷൻ വർധന, സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക വിതരണം, ശമ്പള പരിഷ്കരണം തുടങ്ങിയ സുപ്രധാന പ്രഖ്യാപനങ്ങൾ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ അവതരിപ്പിക്കും.
ശമ്പള പരിഷ്കരണം ഉടൻ
കമ്മിഷനെ നിയോഗിച്ച് സമയം കളയാതെ, പ്രത്യേക കമ്മിറ്റി വഴി ആഴ്ചകൾക്കുള്ളിൽ റിപ്പോർട്ട് വാങ്ങി മാർച്ച് മുതൽ പുതുക്കിയ ശമ്പളം നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. 10 മുതൽ 15 ശതമാനം വരെ ശമ്പളവർധനയാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ഗഡുക്കളായി 6% ഡിഎ കുടിശിക പ്രഖ്യാപിച്ച ശേഷം ബാക്കി ഡിഎ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കാനും നീക്കമുണ്ട്.
അഷ്വേഡ് പെൻഷൻ പദ്ധതി
പങ്കാളിത്ത പെൻഷന് പകരമായി ശമ്പളത്തിന്റെ പകുതിയെങ്കിലും പെൻഷൻ ഉറപ്പാക്കുന്ന 'അഷ്വേഡ് പെൻഷൻ' പദ്ധതിയുടെ വിശദാംശങ്ങൾ ബജറ്റിലുണ്ടാകും. എന്നാൽ, നിലവിൽ ജീവനക്കാർ പെൻഷൻ ഫണ്ടിലേക്ക് അടച്ച വിഹിതം കേന്ദ്രത്തിൽ നിന്ന് തിരികെ ലഭിക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുന്നത് പദ്ധതി നടപ്പാക്കുന്നതിൽ വെല്ലുവിളിയായേക്കാം.
ക്ഷേമ പെൻഷൻ വർധന
നിലവിലെ 1,600 രൂപയിൽ നിന്ന് ക്ഷേമ പെൻഷൻ ഘട്ടംഘട്ടമായി 2,500 - 3,000 രൂപയിലേക്ക് ഉയർത്താനാണ് ആലോചന. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പെൻഷൻ കുടിശികയായത് തിരിച്ചടിയായെന്ന വിലയിരുത്തലിനെത്തുടർന്ന്, ഇത്തവണ തുക കൃത്യമായി വിതരണം ചെയ്യുമെന്ന് ഉറപ്പാക്കാനാണ് സർക്കാർ ശ്രമം.

