കണ്ണൂർ കോർപറേഷനിൽ എൽഡിഎഫ് മാർച്ചിൽ സംഘർഷം മേയറെ തടഞ്ഞു ഭരണ പ്രതിപക്ഷ പ്രവർത്തകർ ഏറ്റുമുട്ടി

കണ്ണൂർ കോർപറേഷനിൽ എംഎൽഎ ഫണ്ട് വിനിയോഗത്തെ ചൊല്ലി എൽഡിഎഫ് നടത്തിയ മാർച്ചിൽ സംഘർഷം. മേയർ പി. ഇന്ദിരയെ തടഞ്ഞതിനെ തുടർന്ന് യുഡിഎഫ് എൽഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.

കണ്ണൂർ കോർപറേഷനിൽ എൽഡിഎഫ് മാർച്ചിൽ സംഘർഷം മേയറെ തടഞ്ഞു ഭരണ പ്രതിപക്ഷ പ്രവർത്തകർ ഏറ്റുമുട്ടി
കണ്ണൂർ കോർപറേഷനിൽ എൽഡിഎഫ് മാർച്ചിൽ സംഘർഷം; മേയറെ തടഞ്ഞു, ഭരണ-പ്രതിപക്ഷ പ്രവർത്തകർ ഏറ്റുമുട്ടി

കണ്ണൂർ കോർപറേഷനിൽ എൽഡിഎഫ് മാർച്ചിനിടെ കയ്യാങ്കളി; മേയറെ തടഞ്ഞു, ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

​കണ്ണൂർ: എംഎൽഎ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കണ്ണൂർ കോർപറേഷനിൽ ഭരണ-പ്രതിപക്ഷ കയ്യാങ്കളി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾ കോർപറേഷൻ തടയുന്നു എന്നാരോപിച്ച് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. മേയർ പി. ഇന്ദിരയെ പ്രതിഷേധക്കാർ തടഞ്ഞതോടെ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി.

​പ്രധാന കവാടത്തിൽ എൽഡിഎഫ് പ്രവർത്തകർ ഉപരോധം നടത്തുന്നതിനിടെ മറ്റൊരു വാതിലിലൂടെ മേയർ ഓഫീസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. 'മേയർ ഗോ ബാക്ക്' വിളികളുമായി പ്രതിഷേധക്കാർ മേയറെ തടയുകയും തള്ളിമാറ്റുകയും ചെയ്തു. ഇതോടെ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തുകയും ഇരുവിഭാഗവും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയുമായിരുന്നു. പൊലീസ് ഇടപെട്ടാണ് പ്രവർത്തകരെ പിടിച്ചുമാറ്റിയത്.

​മേയറെ എൽഡിഎഫ് പ്രവർത്തകർ മർദിച്ചുവെന്ന് ആരോപിച്ച് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മേയർ എന്നിവരുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പൊലീസ് ഗുണ്ടായിസം കാണിക്കുകയാണെന്നും മർദനമേറ്റപ്പോൾ പൊലീസ് നോക്കിനിന്നുവെന്നും യുഡിഎഫ് ആരോപിച്ചു. അതേസമയം, തങ്ങളുടെ പ്രവർത്തകർക്കും മർദനമേറ്റതായി എൽഡിഎഫ് നേതൃത്വം അറിയിച്ചു.

​മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കേണ്ട വയോജന വിശ്രമ കേന്ദ്രം, റോഡ് അറ്റകുറ്റപ്പണികൾ, ജില്ലാ ഹോമിയോ ആശുപത്രി കെട്ടിടം തുടങ്ങിയ പദ്ധതികൾക്ക് കോർപറേഷൻ മനഃപൂർവം തടസ്സം നിൽക്കുന്നു എന്നാണ് എൽഡിഎഫിന്റെ ആക്ഷേപം. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു.