എൻ.എം.എം.എസ് കട്ട് ഓഫ് രീതി ഒഴിവാക്കും തുല്യ പരിഗണന ഉറപ്പാക്കുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി
എൻ.എം.എം.എസ് പരീക്ഷയിലെ ജില്ലാ അടിസ്ഥാനത്തിലുള്ള കട്ട് ഓഫ് മാർക്ക് രീതി ഒഴിവാക്കുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ ഇംബൈബ് 4 പദ്ധതിയിലൂടെ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.
എൻ.എം.എം.എസ് പരീക്ഷയിലെ ജില്ലാ കട്ട്-ഓഫ് രീതി ഒഴിവാക്കും: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ ഓരോ ജില്ലയ്ക്കും പ്രത്യേക കട്ട്-ഓഫ് മാർക്ക് നിശ്ചയിച്ച് കുട്ടികളെ തെരഞ്ഞെടുക്കുന്ന നിലവിലെ രീതി ഒഴിവാക്കുമെന്ന് വ്യവസായ-ഐ.ടി. വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും തുല്യമായ പരിഗണന ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ നൂതന പരിശീലന പദ്ധതിയായ 'ഇംബൈബ് 4' വഴി സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ചില മേഖലകൾക്ക് മാത്രം മുൻതൂക്കം നൽകിക്കൊണ്ടുള്ള നിലവിലെ മാർക്ക് രീതി അർഹരായ ഒട്ടേറെ വിദ്യാർത്ഥികൾക്ക് അവസരം നിഷേധിക്കുന്നതിന് കാരണമാകുന്നുണ്ട്. സ്കോളർഷിപ്പ് പരീക്ഷയിലെ ഈ അസമത്വം തിരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. മനുഷ്യവിഭവശേഷിയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്നും, വിദ്യാർത്ഥികൾക്ക് കൃത്യമായ അവസരങ്ങൾ ലഭിച്ചാൽ അവർ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ 'ഇംബൈബ് 4' പദ്ധതിയിലൂടെ മികച്ച വിജയം കൈവരിച്ച 82 വിദ്യാർഥികളെയാണ് ചടങ്ങിൽ അനുമോദിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റെജുല പെലത്തൊടി, വൈസ് പ്രസിഡൻ്റ് ഷൗക്കത്ത് കടമ്പോട്ട്, മുൻ എം.എൽ.എ. പി. ഉബൈദുല്ല എന്നിവരും വിവിധ ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

