സൗജന്യ വിമാനയാത്രയും കൗൺസലിംഗും ഫിഷറീസ് സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാർ
കേരളത്തിലെ തീരദേശ സ്കൂളുകളുടെ സമഗ്ര മുന്നേറ്റത്തിനായി സർക്കാർ പൂർണ്ണമായ മാറ്റമാണ് ലക്ഷ്യമിടുന്നതെന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ. തേവര ജി.ആർ.എഫ്.റ്റി.എച്ച്.എസിൽ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫിഷറീസ് വിദ്യാലയങ്ങളിൽ പുതുയുഗം: തീരദേശ സ്കൂളുകളിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട് സർക്കാർ
കൊച്ചി: കേരളത്തിലെ തീരദേശ സ്കൂളുകളുടെ ഉന്നമനത്തിനായി സർക്കാർ പൂർണ്ണമായ ഒരു മാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് മത്സ്യബന്ധന, ഹാർബർ എഞ്ചിനീയറിംഗ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ പറഞ്ഞു. ഗവൺമെൻറ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളുകളിലെ (GRFTHS) 2026-27 അധ്യയന വർഷത്തെ സംസ്ഥാനതല പ്രവേശനോത്സവം എറണാകുളം തേവര ജി.ആർ.എഫ്.റ്റി.എച്ച്.എസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫിഷറീസ് സ്കൂളുകളുടെ വികസനത്തിന് പുതിയ സർക്കാർ അതീവ പ്രാധാന്യമാണ് നൽകുന്നത്. കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിൽ ഏറ്റവും നിർണായകമായ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽ അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും ആധുനിക സൗകര്യങ്ങളും ഒരുക്കാൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും പുതിയ അധ്യയനവർഷത്തിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നുകൊണ്ട് മന്ത്രി കൂട്ടിച്ചേർത്തു.
തുടർന്ന് പത്താം ക്ലാസ്, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കർക്കുള്ള പുരസ്‌കാര വിതരണവും മന്ത്രി നിർവഹിച്ചു. ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഭൂമിയെയും പ്രകൃതിയെയും ഹരിതാഭമായി നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾക്കായി വൃക്ഷത്തൈ വിതരണവും ഇതോടൊപ്പം നടന്നു.
സൗജന്യ വിമാന യാത്രയും കൗൺസലിംഗും; ശ്രദ്ധേയമായി ഫിഷറീസ് സ്കൂളുകൾ
കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി 9 തീരദേശ ജില്ലകളിലായി 10 ഗവൺമെൻറ് റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്കൂളുകളാണ് ഫിഷറീസ് വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്നത്. 8 മുതൽ 10 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം, ഹോസ്റ്റൽ, ഭക്ഷണം, യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവ ഇവിടെ ലഭ്യമാക്കുന്നു.
ഇതിന് പുറമേ ഇംഗ്ലീഷ് വിഷയത്തിൽ പ്രാവീണ്യം നേടുന്നതിനും കുട്ടികളുടെ കലാ/സാഹിത്യ/കായിക പ്രതിഭകളെ വളർത്തുന്നതിനും പ്രത്യേക പരിശീലനവും, സൗജന്യ വിമാന യാത്ര ഉൾപ്പടെയുള്ള സ്റ്റഡി ടൂറും ഈ സ്കൂളുകളുടെ പ്രത്യേകതയാണ്. 2026-27 അധ്യയന വർഷം മുതൽ മത്സ്യബന്ധന അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കും ഇവിടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പുവരുത്താൻ കൗൺസലർമാരുടെ സേവനവും സ്കൂളുകളിൽ ഒരുക്കിയിട്ടുണ്ട്.
തേവരയിൽ നടന്ന ചടങ്ങിൽ കൊച്ചി കോർപ്പറേഷൻ കൗൺസിലർ എലിസബത്ത് അധ്യക്ഷത വഹിച്ചു. ഫിഷറീസ് മധ്യമേഖല ജോയിൻറ് ഡയറക്ടർ ഡോ. ആശാ അഗസ്‌റ്റിൻ റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യബന്ധന വകുപ്പ് ഡയറക്ടർ വി. ചെൽസാസിനി, ഫിഷറീസ് മേഖല ഡെപ്യൂട്ടി ഡയറക്ടർ വി. സിന്ധു, ജി. ആർ. എഫ്. റ്റി. എച്ച്. എസ്. ഹെഡ്മിസ്ട്രസ്സ് വി. ബി. റോസ്മേരി, വി. എച്ച്. എസ്. ഇ പ്രിൻസിപ്പാൾ ഇൻചാർജ് റ്റി. എ. നിഷ രാജ്, പി.റ്റി.എ പ്രസിഡന്റ് ഫ്രാൻസിസ് സേവ്യർ, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.