​ബസ്സുകളിൽ വിദ്യാർത്ഥികളെ കയറ്റാതെ പോയാൽ കടുത്ത നടപടി കൺസെഷൻ ഇനി ലീഡ്‌സ് ആപ്പ് വഴി മാത്രം

​സ്വകാര്യ ബസ്സുകളിൽ വിദ്യാർത്ഥികളോട് വിവേചനം കാണിക്കുന്നവർക്കെതിരെ കർശന നടപടിയുമായി സ്റ്റുഡന്റ്സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി. റഗുലർ കോഴ്സുകളുടെ ഭാഗമായി ഇന്റേൺഷിപ്പ് ചെയ്യുന്നവർക്കും ഇനി കൺസെഷൻ ആനുകൂല്യം ലഭിക്കും.

​ബസ്സുകളിൽ വിദ്യാർത്ഥികളെ കയറ്റാതെ പോയാൽ കടുത്ത നടപടി കൺസെഷൻ ഇനി ലീഡ്‌സ് ആപ്പ് വഴി മാത്രം
​സ്വകാര്യ ബസ്സുകളിൽ വിദ്യാർത്ഥികളോട് വിവേചനം കാണിക്കുന്നവർക്കെതിരെ കർശന നടപടിയുമായി സ്റ്റുഡന്റ്സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി

ബസ്സുകളില്‍ വിദ്യാര്‍ത്ഥികളോട് വിവേചനം പാടില്ല; ഇന്റേൺഷിപ്പ് ചെയ്യുന്നവർക്കും ഇനി കൺസെഷൻ ലഭിക്കും

കോഴിക്കോട്: സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന വിവേചനങ്ങള്‍ക്കും മോശം പെരുമാറ്റങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാതല സ്റ്റുഡന്റ്‌സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി. എഡിഎം പി. അഖിലിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

​വിദ്യാര്‍ത്ഥികളെ ബസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മാത്രം കയറ്റുക, ക്യൂ നിര്‍ത്തുക, സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പ്രവണതകള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് യോഗം വ്യക്തമാക്കി. ഇത്തരം വിവേചനങ്ങൾ കാണിക്കുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കും.

​ഇന്റേൺഷിപ്പ് വിദ്യാർത്ഥികൾക്കും ആനുകൂല്യം

റെഗുലര്‍ കോഴ്‌സുകളുടെ ഭാഗമായി ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇനി മുതല്‍ ബസ് കണ്‍സെഷന്‍ നല്‍കാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. പരമാവധി 40 കിലോമീറ്റര്‍ വരെയുള്ള ദൂരപരിധിയിലുള്ള യാത്രകൾക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.

​കൺസെഷൻ ഇനി 'ലീഡ്‌സ്' ആപ്പ് വഴി

വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ കാര്‍ഡുകള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ 'ലീഡ്‌സ്' (LEADS) ആപ്പ് മുഖേനയായിരിക്കും വിതരണം ചെയ്യുക. ആപ്പില്‍ സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യങ്ങളില്‍ മാത്രം താത്കാലികമായി പഴയ രീതിയില്‍ കാര്‍ഡുകള്‍ നല്‍കും. വിദ്യാർത്ഥികളുടെ വിവരങ്ങൾ ആപ്പിൽ രേഖപ്പെടുത്തുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൃത്യത പാലിക്കണമെന്നും യോഗം നിർദ്ദേശിച്ചു.

​മറ്റ് പ്രധാന തീരുമാനങ്ങൾ:

​വിദ്യാര്‍ത്ഥികളുള്ള സ്റ്റോപ്പുകളില്‍ ബസ്സുകള്‍ നിര്‍ത്താതെ പോകുന്നത് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കും.

​വെസ്റ്റ്ഹില്‍ ഭാഗത്ത് സ്വകാര്യ ബസ്സുകള്‍ അപകടകരമായ രീതിയില്‍ സര്‍വീസ് നടത്തുന്നുവെന്ന പരാതിയില്‍ പ്രത്യേക പരിശോധന നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനെ ചുമതലപ്പെടുത്തി.

​സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങള്‍ ഒഴികെ കണ്‍സെഷനായി അപേക്ഷ നല്‍കുന്ന മറ്റ് സ്വകാര്യ/അണ്‍എയ്ഡഡ് സ്ഥാപനങ്ങളുടെ ലിസ്റ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ക്ക് കൈമാറും.

​വിദ്യാര്‍ത്ഥികളുടെ യാത്ര സംബന്ധമായ പരാതികളും നിര്‍ദേശങ്ങളും വിലയിരുത്തുന്നതിനായി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ എല്ലാ ആറു മാസവും പ്രത്യേക അവലോകന യോഗങ്ങള്‍ ചേരും.

​കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കോഴിക്കോട് ആര്‍ടിഒ ജെബി ഐ ചെറിയാന്‍, ജോയിന്റ് ആര്‍ടിഒമാരായ രാമനാട്ടുകര സക്കറിയ, നന്മണ്ട പി.പി രാജന്‍, വടകര ഇ ഒ പി.ഡി ഗീത, സിറ്റി ട്രാഫിക്ക് എസ്‌ഐ സന്തോഷ്, കെഎസ്ആര്‍ടിസി എടിഒ പി.കെ പ്രശോഭ്, വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍, ബസ്സുടമ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.