വിദ്യാഭ്യാസരംഗത്ത് കാലാനുസൃത മാറ്റങ്ങൾ അനിവാര്യം ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സാങ്കേതിക മേഖലകളിൽ കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. അധ്യാപകർക്ക് എ.ഐ പരിശീലനം നൽകുമെന്ന് പ്രഖ്യാപനം.

വിദ്യാഭ്യാസരംഗത്ത് കാലാനുസൃത മാറ്റങ്ങൾ അനിവാര്യം ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ
തൃക്കാക്കരയിലെ ഐ.എച്ച്.ആർ.ഡി. മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ഐ എച്ച് ആർ ഡി സ്ഥാപന മേധാവികളുടെ യോഗം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യുന്നു.

തലക്കെട്ട്: വിദ്യാഭ്യാസരംഗത്ത് കാലാനുസൃത മാറ്റങ്ങൾ അനിവാര്യം: ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കൊച്ചി: മാറുന്ന ലോകത്തിനനുസരിച്ച് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ-സാങ്കേതിക മേഖലകളിൽ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ രംഗത്ത്, കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ വ്യക്തമാക്കി. ഐ.എച്ച്.ആർ.ഡി സംഘടിപ്പിച്ച സ്ഥാപനമേധാവികളുടെ യോഗം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​സംസ്ഥാന സർക്കാർ ഉന്നതവിദ്യാഭ്യാസത്തെ ഒരു പ്രയോരിറ്റി സെക്ടറായാണ് കാണുന്നത്. വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയാൻ മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വിവരസാങ്കേതികവിദ്യയുടെ വളർച്ച കാരണം ഇന്ന് അധ്യാപകരേക്കാൾ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് ക്ലാസ്സിലെത്തുന്ന വിദ്യാർത്ഥികളുണ്ട്. വിജ്ഞാന വിസ്ഫോടനത്തിന്റെ ഈ കാലഘട്ടത്തിൽ പരമ്പരാഗത രീതിയിലുള്ള ക്ലാസ് മുറികളിൽ നിന്നും വഴിമാറി നൂതന രീതിയിലുള്ള പഠനരീതികൾ നടപ്പിലാക്കേണ്ടതുണ്ട്.

​വിദ്യാർത്ഥികളുടെ തൊഴിൽക്ഷമതയാണ് ഇന്നത്തെ കാലഘട്ടത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളി. വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ നൈപുണ്യം വിദ്യാർത്ഥികൾക്ക് ഉറപ്പാക്കാൻ സാധിക്കണം. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് തൊഴിൽക്ഷമത കൂട്ടുന്നതിനായി 'ഇൻഡസ്ട്രി-ഇൻസ്റ്റിറ്റ്യൂഷൻ ഗ്യാപ്പ്' കുറക്കേണ്ടതുണ്ട്. ഈ വിടവ് നികത്താൻ കണ്ടിന്യൂവസ് അപ് സ്കില്ലിംഗ്, ഇന്നൊവേഷൻ എന്നിവയ്ക്ക് ഊന്നൽ നൽകണം.

​നിർമ്മിത ബുദ്ധി (AI), മാനവിക ബുദ്ധിയെ മറികടക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിലെ മുഴുവൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപകർക്ക് എ.ഐ പരിശീലനം നൽകാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിക്കും. സാങ്കേതിക മേഖലയിലെ മുൻനിര സ്ഥാപനമെന്ന നിലയിൽ ഐ.എച്ച്.ആർ.ഡി ഇതിന് നേതൃപരമായ പങ്ക് വഹിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​ഐ.എച്ച്.ആർ.ഡി സ്ഥാപനങ്ങളുടെ ന്യായമായ ആവശ്യങ്ങളിൽ സർക്കാർ അനുഭാവപൂർവ്വമായ ഇടപെടൽ നടത്തുമെന്നും മന്ത്രി ഉറപ്പുനൽകി. ചടങ്ങിൽ ഐ.എച്ച്.ആർ.ഡി ഡയറക്ടർ എം. വി. രാജേഷ്, മോഡൽ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഇ. എസ്. ജയചന്ദ്രൻ, മറ്റ് ഉദ്യോഗസ്ഥർ, വിവിധ കോളേജ് മേധാവികൾ തുടങ്ങിയവർ സന്നിഹിതരായി.