അർജന്റീന ടീം വിവാദം മുൻ മന്ത്രി അബ്ദുറഹിമാനെതിരെ കൂടുതൽ രേഖകൾ 22.6 കോടിയുടെ ജിഎസ്ടി വെട്ടിപ്പിൽ അന്വേഷണം

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശന നീക്കങ്ങളിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതിരോധത്തിലാക്കുന്ന പുതിയ രേഖകൾ പുറത്ത്. സാമ്പത്തിക ക്രമക്കേടിൽ 4 ജിഎസ്ടി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ.

അർജന്റീന ടീം വിവാദം മുൻ മന്ത്രി അബ്ദുറഹിമാനെതിരെ കൂടുതൽ രേഖകൾ 22.6 കോടിയുടെ ജിഎസ്ടി വെട്ടിപ്പിൽ അന്വേഷണം
മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ

അർജന്റീന ടീമിന്റെ സന്ദർശനം: മുൻ മന്ത്രി വി. അബ്ദുറഹിമാനെ പ്രതിരോധത്തിലാക്കി കൂടുതൽ രേഖകൾ പുറത്ത്; സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങളുമായി ബന്ധപ്പെട്ട് മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന രേഖകൾ പുറത്തുവന്നു. ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുന്നതിന് മുൻപാണ് ടീമിന്റെ വരവ് മന്ത്രി പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കുന്ന കുറിപ്പാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.

​2024 ഫെബ്രുവരി 2-ന് അർജന്റീന ടീം കേരളത്തിൽ കളിക്കാൻ സമ്മതിച്ചതായി കാണിച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ കായികവകുപ്പ് സെക്രട്ടറിക്ക് നൽകിയ കത്താണ് ഇതിൽ പ്രധാനം. ഈ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയും സംഘവും സ്പെയിൻ സന്ദർശിച്ചതും സ്പോൺസർമാരെ കണ്ടെത്തിയതും. എന്നാൽ, എ.എഫ്.എ (Argentina Football Association) പ്രതിനിധികളുമായി മന്ത്രി നടത്തിയ ഇ-മെയിൽ സന്ദേശങ്ങളിൽ ടീമിന്റെ വരവ് സംബന്ധിച്ച് ഉറപ്പുകളൊന്നും നൽകിയിരുന്നില്ലെന്ന് വ്യക്തമാണ്. വിഷയം അന്വേഷിച്ച സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് സമർപ്പിച്ച റിപ്പോർട്ടിൽ അർജന്റീന വിഷയത്തിൽ കായികവകുപ്പിന്റെ പക്കൽ യാതൊരുവിധ കരാറോ ധാരണാപത്രമോ ഇല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. തന്നെയുമല്ല, ഈ വിഷയത്തിൽ നടന്ന ഭൂരിഭാഗം കത്തിടപാടുകളുടെയും ഫയലുകൾ കാണാനില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

​സാമ്പത്തിക ഇടപാടിൽ ജി.എസ്.ടി വെട്ടിപ്പ്; നാല് ഉദ്യോഗസ്ഥർക്ക് വീഴ്ച

​അതേസമയം, അർജന്റീന വിഷയത്തിലെ സാമ്പത്തിക ഇടപാടുകളിൽ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നികുതിവെട്ടിപ്പ് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തി. വിദേശത്തേക്ക് അയച്ച 126 കോടി രൂപയ്ക്ക് അടയ്ക്കേണ്ടിയിരുന്ന 22.6 കോടി രൂപയുടെ ജി.എസ്.ടി കുടിശ്ശിക ഈടാക്കുന്നതിൽ ജി.എസ്.ടി വകുപ്പിലെ നാല് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് എസ്.ഐ.ടി റിപ്പോർട്ട് വ്യക്തമാക്കുന്നു.

​ടീം എത്താതിരുന്നതിനാൽ നികുതിത്തുകയിൽ കിഴിവ് ലഭിക്കുമെങ്കിലും, വൈകിയതിനായുള്ള പലിശയും പിഴയും സ്പോൺസർമാർ ഒടുക്കേണ്ടി വരും. രാഷ്ട്രീയക്കാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും പങ്കിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ നിർദേശിക്കുന്ന ഈ റിപ്പോർട്ട് ഉടൻ തന്നെ മുഖ്യമന്ത്രിക്കും ഇൻകം ടാക്സ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) തുടങ്ങിയ ഏജൻസികൾക്കും കൈമാറും.