ക്ഷേത്രങ്ങളുടെ ആസ്തികൾ തിട്ടപ്പെടുത്താൻ ദേവസ്വം വകുപ്പ് ഭൂമിയും സ്വർണവും മൂല്യനിർണയം നടത്താൻ സർക്കാർ

കേരളത്തിലെ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളുടെ സ്വർണവും ഭൂമിയും ഉൾപ്പെടെയുള്ള ആസ്തികൾ തിട്ടപ്പെടുത്താൻ ദേവസ്വം സെക്രട്ടറി ഉത്തരവിട്ടു. ഡോ. എം.ജി. രാജമാണിക്യം ഉടൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും.

ക്ഷേത്രങ്ങളുടെ ആസ്തികൾ തിട്ടപ്പെടുത്താൻ ദേവസ്വം വകുപ്പ് ഭൂമിയും സ്വർണവും മൂല്യനിർണയം നടത്താൻ സർക്കാർ
ഡോ. എം.ജി. രാജമാണിക്യം

ശബരിമല സ്വർണക്കൊള്ള, ഗുരുവായൂർ വിവാദം: ക്ഷേത്ര ആസ്തികൾ തിട്ടപ്പെടുത്താൻ ദേവസ്വം വകുപ്പ്; നിർണായക നീക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളുടെയും സ്വർണം, ഭൂമി ഉൾപ്പെടെയുള്ള ആസ്തികളുടെ മൂല്യം തിട്ടപ്പെടുത്താൻ ദേവസ്വം വകുപ്പിന്റെ നിർണായക തീരുമാനം. ഇതുസംബന്ധിച്ച വിശദമായ രൂപരേഖ തയാറാക്കി ഡോ. എം.ജി. രാജമാണിക്യം അടുത്തദിവസം സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും.

​ശബരിമല സ്വർണക്കൊള്ള വിവാദവും ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണമൂല്യത്തിലുണ്ടായ അവ്യക്തതയിൽ ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തിയ സാഹചര്യവുമാണ് സമഗ്രമായ ഈ നീക്കത്തിന് പിന്നിൽ. നിലവിൽ പല ക്ഷേത്രങ്ങളിലും ദേവസ്വം രേഖകളിൽ മാത്രമാണ് ആസ്തി വിവരങ്ങളുള്ളത്. കൃത്യമായ പരിശോധനയോ മൂല്യനിർണയമോ നടക്കാത്തത് തട്ടിപ്പുകൾക്കും ക്രമക്കേടുകൾക്കും വഴിയൊരുക്കുന്നുവെന്ന വിമർശനം ശക്തമാണ്.

​ക്ഷേത്രങ്ങളുടെ യഥാർത്ഥ ആസ്തി തിട്ടപ്പെടുത്തുന്നതിലൂടെ തിരിമറികൾ പൂർണമായി ഒഴിവാക്കാനും, സ്വകാര്യ വ്യക്തികൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ക്ഷേത്രഭൂമി തിരിച്ചുപിടിക്കാനും സാധിക്കുമെന്ന് ദേവസ്വം സെക്രട്ടറി വിലയിരുത്തുന്നു. മന്ത്രിയുമായി നടത്തിയ പ്രാഥമിക ചർച്ചകൾക്ക് ശേഷമാണ് റിപ്പോർട്ട് തയാറാക്കാൻ തീരുമാനിച്ചത്.

​വിദഗ്ധസമിതിയുടെ ഘടന, അംഗങ്ങൾ, മൂല്യനിർണയം പൂർത്തിയാക്കാനുള്ള സമയപരിധി എന്നിവയെക്കുറിച്ചുള്ള ശുപാർശകളും റിപ്പോർട്ടിലുണ്ടാകും. നിശ്ചിത ഇടവേളകളിൽ ആസ്തികളുടെ നിജസ്ഥിതി പരിശോധിക്കാനുള്ള സ്ഥിരം സംവിധാനവും പദ്ധതിയുടെ ഭാഗമായി രൂപീകരിക്കും.