കമന്ററി ജനഹൃദയങ്ങളിലേക്ക് തുഴഞ്ഞെത്തിയ കല ഷാനിമോൾ ഉസ്‌മാൻ
എഴുപത്തിരണ്ടാമത് നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച കമന്ററി മത്സര വിജയികളെ പ്രഖ്യാപിച്ചു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭാഗ്യചിഹ്നത്തിന് പേരിട്ട എ.ആർ. ശുഐബിനെ ചടങ്ങിൽ ആദരിച്ചു.
വാക്കുകളിലൂടെ ജനഹൃദയങ്ങളിലേക്ക് തുഴഞ്ഞെത്തിയ കലയാണ് കമന്ററി: ഷാനിമോൾ ഉസ്‌മാൻ; നെഹ്റു ട്രോഫി കമന്ററി മത്സര വിജയികളെ പ്രഖ്യാപിച്ചു
ആലപ്പുഴ: വാക്കുകളിലൂടെ ജനഹൃദയങ്ങളിലേക്ക് തുഴഞ്ഞെത്തിയ അപൂർവ്വ കലയാണ് കമന്ററിയെന്നും നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശം ലോകമെമ്പാടുമുള്ള ആസ്വാദകരിലേക്ക് എത്തിക്കുന്നതിൽ കമന്റേറ്റർമാർ വഹിക്കുന്ന പങ്ക് നിസീമമാണെന്നും ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
ആഗസ്റ്റ് 22-ന് നടക്കുന്ന എഴുപത്തിരണ്ടാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വള്ളംകളി കമന്ററി മത്സരം ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ദൃശ്യമാധ്യമങ്ങളുടെ വരവിനു മുമ്പ് തന്നെ വള്ളംകളിയെ ജനപ്രിയമാക്കുന്നതിൽ കമന്ററി നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കേൾവിക്കാരുടെ മനസ്സിൽ വള്ളംകളിയുടെ തനിമയാർന്ന ദൃശ്യങ്ങൾ പകർന്നുനൽകാൻ സാധിക്കുന്ന മികച്ച ഭാഷാശൈലിയാണ് ഇതിന്റെ സവിശേഷതയെന്നും ഡെപ്യൂട്ടി സ്പീക്കർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷത്തെ നെഹ്റു ട്രോഫി ഫൈനൽ മത്സരത്തെ ആസ്പദമാക്കി നടത്തിയ മത്സരങ്ങൾ ഹൈസ്കൂൾ-ഹയർസെക്കൻഡറി, പൊതുവിഭാഗം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് സംഘടിപ്പിച്ചത്. പ്രൊഫ. ചെറിയാൻ അലക്സാണ്ടർ, ഹരികുമാർ വാലേത്ത്, വിനോദ് കാരിച്ചാൽ എന്നിവരായിരുന്നു വിധികർത്താക്കൾ.
മത്സരവിജയികൾ:
ഹൈസ്കൂൾ - ഹയർസെക്കൻഡറി വിഭാഗം:
ഒന്നാം സ്ഥാനം: ആൻമേരി ബ്രിട്ടോ (സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, പുന്നപ്ര)
രണ്ടാം സ്ഥാനം: സി.ആർ. ബ്രൂട്ടോ (എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്, കുട്ടമംഗലം)
ജൂറിയുടെ പ്രത്യേക പരാമർശം: മുഹമ്മദ് യാസിൻ (പ്രയാർ ആർ.വി.എസ്.എം. എച്ച്.എസ്.എസ്)
പൊതുവിഭാഗം:
ഒന്നാം സ്ഥാനം: എസ്. അജയ് കൃഷ്ണ (കല്ലുപുരയ്ക്കൽ, ഹരിപ്പാട്)
രണ്ടാം സ്ഥാനം: ഷാഹിം മഹ്മ്മുദ് (മാഴ്സ് വില്ല, പുന്നപ്ര)
പ്രോത്സാഹന സമ്മാനം: അഥീനാ സോണി, സന്തോഷ് തോമസ്, റോണി ജേക്കബ്, ജോൺ ബോസ്കോ.
വിജയികൾക്ക് ആലപ്പുഴ കൈചൂണ്ടി ജങ്ഷനിലെ അലീന ജ്വല്ലറി നൽകുന്ന സ്വർണനാണയം സമ്മാനമായി നൽകും.
ഭാഗ്യചിഹ്നത്തിന് പേരിട്ട എ.ആർ. ശുഐബിന് ആദരം
72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വേഴാമ്പലിന് 'വേഴു' എന്ന പേര് നിർദേശിച്ച തിരുവമ്പാടി നടുവിലെപ്പറമ്പ് എ.ആർ. ശുഐബിന് മുല്ലയ്ക്കൽ നൂർ ജൂവലറി നൽകുന്ന സ്വർണനാണയം ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ സമ്മാനിച്ചു.
ജില്ലാ കളക്ടർ ഷാജി വി. നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം.എൽ.എ എ.എ. ഷുക്കൂർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ്, നഗരസഭാ അംഗങ്ങളായ ബെന്നി ജോസഫ്, ബിജി ശങ്കർ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ സി. പ്രദീപ്, എ.എൻ. പുരം ശിവകുമാർ, ഡോ. നെടുമുടി ഹരികുമാർ, ടി.ആർ. ആസാദ്, കെ. നാസർ, രമേശൻ ചെമ്മാപറമ്പിൽ, അബ്ദുൾ സലാം ലബ്ബ, പി.കെ. ബൈജു, എ. കബീർ തുടങ്ങിയവർ പങ്കെടുത്തു.

