മുഖഭാവങ്ങളുടെ വിവർത്തനമാണ് ചിത്രരചന വയലാർ ശരത്ചന്ദ്ര വർമ്മ
72 ാമത് നെഹ്‌റുട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഫേസ് പെയിന്റിങ് മത്സരം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്തു. നിഷ് തിരുവനന്തപുരം ഒന്നാം സ്ഥാനം നേടി.
മുഖഭാവങ്ങളുടെ വിവർത്തനമാണ് ചിത്രരചന: വയലാർ ശരത്ചന്ദ്ര വർമ്മ; നെഹ്‌റുട്രോഫി ഫേസ് പെയിന്റിങ് മത്സരം സംഘടിപ്പിച്ചു
ആലപ്പുഴ: മുഖഭാവങ്ങളുടെയും വികാരങ്ങളുടെയും വിവർത്തനമാണ് ഓരോ ചിത്രരചനയുമെന്ന് പ്രമുഖ ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ പറഞ്ഞു. ആഗസ്റ്റ് 22-ന് പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രചാരണാർത്ഥം പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച ഫേസ് പെയിന്റിങ് മത്സരം ആലപ്പുഴ ബീച്ചിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയലാറിന്റെ "ആയിരം മുഖങ്ങൾ ഞാൻ കണ്ടു...", ഒ.എൻ.വി.യുടെ "ഒന്നു നീ ശ്രുതി താഴ്ത്തി പാടുക..." തുടങ്ങിയ പ്രശസ്ത ഗാനങ്ങളെ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. വാക്കുകളിലൂടെ കവികൾ വരച്ചുവെക്കുന്ന അതേ മുഖചിത്രങ്ങളാണ് ചിത്രകാരന്മാർ വർണ്ണങ്ങളിലൂടെ വേദിയിൽ തീർക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സംഗീതത്തിന്റെ അകമ്പടിയോടെ അതിൻ്റെ താളത്തിനൊപ്പം തുഴയുന്ന തുഴച്ചിൽക്കാരുടെ കരുത്തിന് ഈ കലാരൂപം കൂടുതൽ ഊർജ്ജം പകരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ചടങ്ങിൽ അധ്യക്ഷനായി. ജില്ലാ കളക്ടർ ഷാജി വി. നായർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ സി. പ്രദീപ്, എ.എൻ. പുരം ശിവകുമാർ, ഡോ. നെടുമുടി ഹരികുമാർ, കെ. നാസർ, നസീർ പുന്നയ്ക്കൽ, രമേശൻ ചെമ്മാപറമ്പിൽ, അബ്ദുൾ സലാം ലബ്ബ, പി.കെ. ബൈജു, എ. കബീർ, ഹരികുമാർ വാലേത്ത്, അഡ്വ. ജി. മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. വി.എസ്. ബ്ലേഡ്സോ, അമീൻ ഖലീൽ, ശിവകുമാർ ജഗ്ഗു എന്നിവരായിരുന്നു വിധികർത്താക്കൾ.
നിഷ് തിരുവനന്തപുരത്തിന് ഒന്നാം സ്ഥാനം
'ആലപ്പുഴയും നെഹ്റു ട്രോഫി വള്ളംകളിയും' എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ ഹയർസെക്കൻഡറി, കോളേജ് തലങ്ങളിൽ നിന്നുള്ള രണ്ടുപേരടങ്ങുന്ന 9 ടീമുകളാണ് പങ്കെടുത്തത്. രണ്ടു മണിക്കൂറായിരുന്നു മത്സരസമയം.
തിരുവനന്തപുരം നിഷ് (NISH) കോളേജിലെ അല്ലുമോൾ, അശ്വിൻ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജിലെ റ്റിഥിൻ ജോസഫ്, മിഥില കലേഷ് എന്നിവർ രണ്ടാം സ്ഥാനവും സ്വന്തമാക്കി.
ആലപ്പുഴ കേപ്പ് കോളേജ് ഓഫ് നഴ്‌സിംഗിലെ പി. മേഘ, ആർ. ആര്യ കൃഷ്‌ണ എന്നിവരടങ്ങിയ ടീമും, മാവേലിക്കര രാജ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സിലെ മയൂഖ, മൻസൂർ എന്നിവരടങ്ങിയ ടീമും മൂന്നാം സ്ഥാനം പങ്കിട്ടു.
എരമല്ലൂർ പുന്നയ്ക്കൽ ജ്വല്ലറി നൽകുന്ന സ്വർണ്ണനാണയമാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനക്കാർക്കും മൂന്നാം സ്ഥാനക്കാർക്കും പുന്നയ്ക്കൽ ജ്വല്ലറിയുടെ ക്യാഷ് അവാർഡും ലഭിക്കും. പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്യും.

