നാലുപേർക്ക് പുതുജീവൻ പകർന്ന് മടക്കം

മരണത്തിലും തളരാതെ അയോന നാലുപേർക്ക് പുതുജീവൻ പകർന്ന് മടക്കം അവയവങ്ങൾ കൊണ്ടുപോയത് വിമാനമാർഗ്ഗം ​

നാലുപേർക്ക് പുതുജീവൻ പകർന്ന് മടക്കം
സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച പയ്യാവൂർ സ്വദേശിനി അയോന മോൺസണിന്റെ (17)

മരണത്തിലും തളരാതെ അയോന; നാലുപേർക്ക് പുതുജീവൻ പകർന്ന് മടക്കം; അവയവങ്ങൾ കൊണ്ടുപോയത് വിമാനമാർഗ്ഗം

​കണ്ണൂർ: സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച പയ്യാവൂർ സ്വദേശിനി അയോന മോൺസണിന്റെ (17) അവയവങ്ങൾ നാലുപേർക്ക് പുതുജീവൻ നൽകും. സംസ്ഥാനത്തെ ആഭ്യന്തര വിമാന സർവീസ് ഉപയോഗപ്പെടുത്തിയുള്ള ആദ്യ അവയവദാനം എന്ന പ്രത്യേകതയും ഇതിനുണ്ട്. അയോനയുടെ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കാണ് നൽകുന്നത്.

​കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സ്ഥിരീകരിച്ചതിനെത്തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ വിമാനമാർഗ്ഗം വൃക്ക തിരുവനന്തപുരത്ത് എത്തിച്ചു. വിമാനത്താവളത്തിൽ നിന്ന് പോലീസ് ഒരുക്കിയ 'ഗ്രീൻ കോറിഡോർ' വഴിയാണ് അതിവേഗം ആശുപത്രിയിൽ അവയവം എത്തിച്ചത്. മറ്റു അവയവങ്ങൾ തലശ്ശേരിയിലും കോഴിക്കോട്ടുമുള്ള രോഗികൾക്ക് നൽകും.

​കഴിഞ്ഞ തിങ്കളാഴ്ചയാണ് പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടത്തിൽ നിന്നും വീണ് അയോനയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കട്ടിയാങ്കൽ മോൻസൺ-അനിത ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: മാർഫിൻ, എയ്ഞ്ചൽ.

​സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് തിരൂർ സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ നടക്കും. വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ വീട്ടിലും തുടർന്ന് 11 മണി മുതൽ തിരൂർ സെന്റ് ഫ്രാൻസിസ് അസ്സിസി സൺഡേ സ്കൂൾ ഹാളിലും പൊതുദർശനം ഉണ്ടായിരിക്കും.