ആരോഗ്യം ആനന്ദം വൈബ് 4 വെൽനെസ്സ്
ആരോഗ്യം ആനന്ദം വൈബ് 4 വെൽനെസ്സ്സമഗ്ര ആരോഗ്യ ക്യാമ്പയിന് എറണാകുളം ഇടുക്കി ജില്ലകളിൽ തുടക്കമാകുന്നു
ആരോഗ്യം ആനന്ദം - വൈബ് 4 വെൽനെസ്സ്': സമഗ്ര ആരോഗ്യ ക്യാമ്പയിന് എറണാകുളം, ഇടുക്കി ജില്ലകളിൽ തുടക്കമാകുന്നു
കൊച്ചി: പുതുവർഷത്തിൽ മികച്ച ആരോഗ്യശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം - വൈബ് 4 വെൽനെസ്സ്' (Vibe 4 Wellness) ക്യാമ്പയിന് ഡിസംബർ 29-ന് തുടക്കമാകും. എറണാകുളം, ഇടുക്കി ജില്ലകൾ സംയുക്തമായാണ് പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഞായറാഴ്ച രാവിലെ 8.30-ന് കോതമംഗലം താലൂക്ക് ആശുപത്രിയിൽ നിന്നും മാർ ബസേലിയോസ് കോളേജിലേക്ക് നടത്തുന്ന സൈക്കിൾ റാലിയോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് നെല്ലിമറ്റം മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ നടക്കുന്ന പൊതുസമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ടോം ജോസഫ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.
ജീവിതശൈലി രോഗങ്ങളുടെ വർദ്ധനവ് തടയുന്നതിനായി പൊതുജന പങ്കാളിത്തം ഉറപ്പാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ആരോഗ്യകരമായ ഭക്ഷണം (Eat Well), വ്യായാമം (Act Well), കൃത്യമായ ഉറക്കം (Sleep Well), ആരോഗ്യ പരിപാലനം (Care Well) എന്നീ നാല് പ്രധാന ഘടകങ്ങളെ മുൻനിർത്തിയാണ് ബോധവൽക്കരണം.
ക്യാമ്പയിന്റെ ഭാഗമായി സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, ഫുഡ് വ്ലോഗർമാർ, ഫിറ്റ്നസ് ക്ലബ്ബുകൾ എന്നിവരെ ഉൾപ്പെടുത്തി വിവിധ പരിപാടികൾ സംഘടിപ്പിക്കും. പുതുവർഷ ദിനത്തിൽ ജില്ലയിലെ പ്രധാന ആശുപത്രികളിൽ പ്രത്യേക സ്ക്രീനിംഗ് ക്യാമ്പുകളും ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ വ്യായാമ പരിശീലനവും പ്രദർശനങ്ങളും നടക്കും. ആരോഗ്യവകുപ്പിനോടൊപ്പം ആയുഷ്, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, കായികം തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്

