വോട്ടിന്റെ പ്രാധാന്യം വിളിച്ചോതി കൊച്ചിയിൽ കാൻഡിൽ ലൈറ്റ് മാർച്ച് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു
സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപേഷൻ്റെ (SVEEP) ഭാഗമായി കൊച്ചിയിൽ കാൻഡിൽ ലൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ജി പ്രിയങ്ക ഉദ്ഘാടനം നിർവ്വഹിച്ചു.
വോട്ടിന്റെ പ്രാധാന്യം വിളിച്ചോതി കൊച്ചിയിൽ 'കാൻഡിൽ ലൈറ്റ് മാർച്ച്'; ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു
കൊച്ചി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനും വോട്ടർമാരുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സ്വീപ് (SVEEP) -ന്റെ നേതൃത്വത്തിൽ കൊച്ചിയിൽ കാൻഡിൽ ലൈറ്റ് മാർച്ച് സംഘടിപ്പിച്ചു. എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക മാർച്ച് ഉദ്ഘാടനം ചെയ്തു.
ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാൻ ലഭിക്കുന്ന അസുലഭ അവസരമാണ് തിരഞ്ഞെടുപ്പെന്നും, പുതുതലമുറ വോട്ടർമാർ ഉൾപ്പെടെ എല്ലാവരും സമ്മതിദാന അവകാശം കൃത്യമായി വിനിയോഗിക്കണമെന്നും കളക്ടർ ചടങ്ങിൽ ആഹ്വാനം ചെയ്തു.
ദർബർഹാൾ മൈതാനത്തു നിന്നും ആരംഭിച്ച മാർച്ച് ഹൈക്കോടതി വാട്ടർ മെട്രോ സ്റ്റേഷൻ പരിസരത്ത് സമാപിച്ചു. എറണാകുളം ഡിസ്ട്രിക്റ്റ് റെസിഡന്റ്സ് അസോസിയേഷൻസ് അപെക്സ് കൗൺസിലും (EDRAC) ഹാർലി ഓണേഴ്സ് ഗ്രൂപ്പുമായി സഹകരിച്ചാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.
നാടിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന കളരിപ്പയറ്റ്, ശിങ്കാരിമേളം എന്നിവയും യുവജനങ്ങളെ ആകർഷിക്കാൻ ഫ്ലാഷ് മോബും പരിപാടിയുടെ ഭാഗമായി അരങ്ങേറി. ഡെപ്യൂട്ടി കളക്ടർ കെ. മനോജ്, ജില്ലാ സ്വീപ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ജോസഫ് ആന്റണി ഹർട്ടിസ്, ഹാർലി ഓണേഴ്സ് ഗ്രൂപ്പ് സെക്രട്ടറി നന്ദകുമാർ, എഡ്രാക് ജനറൽ സെക്രട്ടറി പി.സി അജിത് കുമാർ, രംഗനാഥ പ്രഭു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

