കായികതാരത്തിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥനിലേക്ക്
റോയ് വർഗീസ് രാജ്യാന്തര എൻഫോഴ്സ്മെൻ്റ് എക്സ്ചേഞ്ചിൽ ഇന്ത്യൻ സംഘത്തിൽ കൊച്ചി കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണർക്ക് അംഗീകാരം
റോയ് വർഗീസ് രാജ്യാന്തര എൻഫോഴ്സ്മെൻ്റ് എക്സ്ചേഞ്ചിൽ ഇന്ത്യൻ സംഘത്തിൽ കൊച്ചി കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണർക്ക് അംഗീകാരം
കൊച്ചി: ഇന്ത്യ, യൂറോപ്യൻ യൂണിയൻ, യു.എസ്. എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തുന്ന സ്ട്രേജിക് ട്രേഡ് കൺട്രോൾ അഡ്വാൻസ്‌ഡ് ലൈസൻസിങ് ആൻഡ് എൻഫോഴ്സ്മെൻ്റ് എക്സ്ചേഞ്ച് പരിപാടിയിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിൽ കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലെ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ഡപ്യൂട്ടി കമ്മീഷണർ റോയ് വർഗീസും. കേരളത്തിൽ നിന്ന് ഈ ഉന്നതതല സംഘത്തിൽ ഇടംനേടിയ ഉദ്യോഗസ്ഥനാണ് റോയ് വർഗീസ്.
ബ്രസ്സൽസിൽ ഡിസംബർ 10, 11 തീയതികളിലായി നടക്കുന്ന ഈ സുപ്രധാന പരിപാടിയിലേക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് എട്ടംഗ ഇന്ത്യൻ സംഘത്തെ അയയ്ക്കുന്നത്. അന്താരാഷ്ട്ര വ്യാപാര നിയന്ത്രണങ്ങളും നിയമ നിർവ്വഹണ തന്ത്രങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച അവസരമാണിത്.
കായികതാരത്തിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥനിലേക്ക്
മുൻ രാജ്യാന്തര അത്‌ലറ്റായ റോയ് വർഗീസ്, കേരളത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനായിരുന്നു. കേരള സർവകലാശാലയിലെ 100 മീറ്റർ, 200 മീറ്റർ റെക്കോർഡുകൾ അദ്ദേഹത്തിന്റെ പേരിലായിരുന്നു. സ്‌പോർട്‌സ് ക്വാട്ടയിലാണ് അദ്ദേഹം കസ്റ്റംസ് വകുപ്പിൽ ചേർന്നത്.
റെക്കോർഡ് പ്രകടനവുമായി കൊച്ചി വിമാനത്താവളത്തിൽ
കൊച്ചി വിമാനത്താവളത്തിൽ റോയ് വർഗീസിന്റെ നേതൃത്വത്തിലുള്ള ഇന്റലിജൻസ് വിഭാഗം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2024-25 കാലയളവിൽ മാത്രം 196 കേസുകളിലായി 100 കോടി രൂപ വിലമതിക്കുന്ന 105 കിലോ സ്വർണവും, 20 കേസുകളിലായി 100 കോടി രൂപ വിലവരുന്ന 108 കിലോ ലഹരി വസ്തുക്കളും പിടികൂടിയിരുന്നു.
നിലവിൽ അത്‌ലറ്റ്‌സ് വെൽഫെയർ അസോസിയേഷൻ (AWA) സ്ഥാപകാംഗവും പ്രസിഡൻ്റുമായ റോയ് വർഗീസ് കായിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നുമുണ്ട്.

