കണ്ണൂരിൽ നിന്ന് ആദ്യ ഹജ്ജ് വിമാനം മെയ് ആറിന് 4550 തീർത്ഥാടകർ യാത്ര തിരിക്കും
2026 ലെ ഹജ്ജ് തീർത്ഥാടനത്തിനായി കണ്ണൂരിൽ നിന്ന് 13 വിമാനങ്ങളിലായി 4550 പേർ യാത്ര തിരിക്കും. മെയ് 5 ന് യാത്രയുടെ ഉദ്ഘാടനം നടക്കും.
കണ്ണൂരിൽ നിന്ന് ആദ്യ ഹജ്ജ് വിമാനം മെയ് ആറിന്; 4550 തീർത്ഥാടകർ യാത്ര തിരിക്കും
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് സർവീസുകൾ മെയ് ആറിന് ആരംഭിക്കും. പുലർച്ചെ 2.30-നാണ് ആദ്യ വിമാനം പുറപ്പെടുന്നത്. ഫ്ലൈ അദീൽ എയർലൈൻസിന്റെ 13 സർവീസുകളിലായി ആകെ 4550 തീർത്ഥാടകരാണ് ഇത്തവണ കണ്ണൂർ വഴി വിശുദ്ധ ഭൂമിയിലേക്ക് യാത്രയാകുന്നത്. ഹജ്ജ് യാത്രയുടെ ഔദ്യോഗിക ഉദ്ഘാടനം മെയ് അഞ്ചിന് വൈകീട്ട് നാല് മണിക്ക് നടക്കും.
തീർത്ഥാടകർക്കായി വിപുലമായ സജ്ജീകരണങ്ങളാണ് വിമാനത്താവളത്തിലും ഹജ്ജ് ക്യാമ്പിലും ഒരുക്കിയിരിക്കുന്നത്. വിശ്രമമുറികൾ, ഭക്ഷണ സൗകര്യം, ആരോഗ്യപരിചരണം, പ്രാർത്ഥനാ സൗകര്യം എന്നിവ ഉറപ്പാക്കും. കൂടാതെ എമർജൻസി മെഡിക്കൽ സേവനം, പോലീസ്, അഗ്നിശമന സേന കൗണ്ടറുകൾ, ബാങ്കിംഗ് സേവനങ്ങർ എന്നിവയും ക്യാമ്പിൽ ലഭ്യമായിരിക്കും. ലഗേജ് സ്വീകരിക്കുന്നതിനും ഹാജിമാർക്ക് വിശ്രമിക്കുന്നതിനുമായി വിമാനത്താവളത്തിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
യാത്രാസൗകര്യങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനായി എ.ഡി.എം കല ഭാസ്കറുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. മുൻവർഷങ്ങളിലേത് പോലെ തന്നെ ഹാജിമാരുടെ യാത്ര സുഗമമാക്കാൻ എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവർത്തിക്കണമെന്ന് എ.ഡി.എം നിർദ്ദേശം നൽകി. ഹജ്ജ് കമ്മിറ്റി ഭാരവാഹികളും വിവിധ വകുപ്പ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.