​ഫയൽനീക്കം വേഗത്തിലാക്കാൻ ഡേറ്റാ ഡ്രിവൺ ഭരണം അതിവേഗ റെയിൽ ഡിപിആർ പൂർണമല്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ

സംസ്ഥാനത്ത് ഫയൽനീക്കം വേഗത്തിലാക്കാൻ ഡേറ്റാ ഡ്രിവൺ ഭരണത്തിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. അതിവേഗ റെയിൽപാതയുടെ ഡിപിആർ പൂർണമല്ലെന്നും വിഴിഞ്ഞം കരാറിൽ സംസ്ഥാന താത്പര്യം സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

​ഫയൽനീക്കം വേഗത്തിലാക്കാൻ ഡേറ്റാ ഡ്രിവൺ ഭരണം അതിവേഗ റെയിൽ ഡിപിആർ പൂർണമല്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ
സംസ്ഥാനത്ത് ഫയൽനീക്കം വേഗത്തിലാക്കാൻ ഡേറ്റാ ഡ്രിവൺ ഭരണത്തിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ.

ഫയൽനീക്കം വേഗത്തിലാക്കാൻ ഡേറ്റാ ഡ്രിവൺ ഭരണം; അതിവേഗ റെയിൽ ഡിപിആർ പൂർണമല്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഫയൽനീക്കം വേഗത്തിലാക്കുന്നതിനായി 'ഡേറ്റാ ഡ്രിവൺ' ഭരണത്തിലേക്ക് സർക്കാർ നീങ്ങുകയാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. വിവിധ വകുപ്പുകളിലെ ഫയൽ കൈമാറ്റങ്ങളുടെ തൽസ്ഥിതി കൃത്യമായി അറിയുന്നതിനായി പുതിയ സംവിധാനം നടപ്പാക്കും. സംസ്ഥാനത്തുടനീളം നടക്കുന്ന വിവിധ വികസന പദ്ധതികളുടെ പുരോഗതി നിരീക്ഷിക്കാൻ 'പ്രോജക്ട് മാപ്പിങ്' സംവിധാനവും ഏർപ്പെടുത്തും. പദ്ധതി നടത്തിപ്പിലെ കാലതാമസം മൂലം കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്തിന് നഷ്ടമാകുന്നതെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് വാർത്താസമ്മേളനത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. 2027-ലെ പത്മ പുരസ്‌കാരങ്ങൾക്കുള്ള നാമനിർദേശം കേന്ദ്രസർക്കാരിന് സമർപ്പിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

​അതിവേഗ റെയിൽ റിപ്പോർട്ട് അപൂർണം

അതിവേഗ റെയിൽപാതയുമായി ബന്ധപ്പെട്ട് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) സമർപ്പിച്ച റിപ്പോർട്ട് പൂർണമല്ലെന്നാണ് വിദഗ്ധ സമിതി അറിയിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക സാധ്യതകളെക്കുറിച്ചോ, പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചോ യാതൊരു പഠനവും നടത്താത്തതിനാൽ നിലവിലെ രൂപത്തിൽ പദ്ധതി ഏറ്റെടുക്കാനാകില്ല. ആദ്യഘട്ടത്തിൽ ഭൂതല നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളൊന്നും നടത്തരുതെന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ചരക്കുഗതാഗത സാധ്യത, ബദൽ മാർഗങ്ങൾ, ഭൂമി ലഭ്യത എന്നിവ പഠിച്ച ശേഷം മാത്രമേ ഡിപിആർ (DPR) തയാറാക്കാവൂ എന്നാണ് സമിതിയുടെ നിർദേശം. ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത് മികച്ചൊരു സാമ്പത്തിക മോഡൽ അല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

​വിഴിഞ്ഞം കരാർ: സംസ്ഥാന താത്പര്യം സംരക്ഷിക്കും

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തിൽ സംസ്ഥാന താത്പര്യം ഹനിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. മുൻ ഇടതുപക്ഷ സർക്കാരാണ് കൺസഷൻ കരാർ ഭേദഗതി ചെയ്ത് അഞ്ചു വർഷത്തേക്ക് നീട്ടിനൽകിയത്. പദ്ധതി വൈകിയതിന് അദാനി പോർട്ട് നൽകേണ്ടിയിരുന്ന 219 കോടി രൂപയുടെ പിഴ ഒഴിവാക്കിക്കൊടുത്തതും മുൻ സർക്കാരാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തുടർനടപടികൾ എംപവേഡ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും.

​വിവാദങ്ങൾക്ക് മറുപടി

സർക്കാർ പ്ലീഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ മുഖ്യമന്ത്രി തള്ളി. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നൽകിയ ശുപാർശ പട്ടികയിലെ അംഗങ്ങളുടെ പശ്ചാത്തലം കൃത്യമായി പരിശോധിച്ച്, അഡ്വക്കറ്റ് ജനറലുമായി (AG) ചർച്ച ചെയ്താണ് നിയമനം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

​ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർ മർദിച്ച സംഭവത്തിൽ, റിപ്പോർട്ട് തിരുത്താൻ എഡിജിപി ഇടപെട്ടുവെന്ന കേസിലെ അന്വേഷണ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടില്ല. നിലവിൽ റിപ്പോർട്ട് ഡിജിപിയുടെ പക്കലാണുള്ളത്. ഡിജിപിയുടെ അന്തിമ റിപ്പോർട്ട് ലഭിക്കാതെ ആഭ്യന്തരമന്ത്രിക്കോ മുഖ്യമന്ത്രിയ്ക്കോ തീരുമാനമെടുക്കാൻ കഴിയില്ല. മാധ്യമ വാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ നടപടിയെടുത്താൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

​ഹൈന്ദവ സംഘടനകളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ എല്ലാവരുടെയും മുഖ്യമന്ത്രിയാണെന്നും ഹിന്ദു ഐക്യവേദി നേതാക്കൾ നിവേദനം നൽകാൻ സമയം ചോദിച്ചതനുസരിച്ചാണ് കണ്ടതെന്നും അദ്ദേഹം മറുപടി നൽകി. പിണറായി വിജയൻ ചെയ്തതുപോലെ ഒളിച്ചും പതുങ്ങിയുമല്ല, ഔദ്യോഗികമായാണ് അവരെ കണ്ടത്. ബജറ്റ് സമയത്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഫോണിൽ വിളിച്ചിരുന്നുവെന്നും അദ്ദേഹത്തെ കാണാൻ അനുമതി നൽകിയില്ലെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ 37 വർഷമായി താൻ മൂകാംബിക ക്ഷേത്രത്തിൽ പോകുന്നതാണെന്നും അതിന്റെ പേരിൽ തന്നെ മൃദുഹിന്ദുത്വവാദിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് അസംബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു