കുട്ടികളുടെ ജീവൻ വെച്ച് കളി മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 29 ഡ്രൈവർമാർ കുടുങ്ങി
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ എറണാകുളം റേഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്രയുടെ നിർദ്ദേശപ്രകാരം നടത്തിയ ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ മദ്യപിച്ചെത്തിയ 29 സ്കൂൾ കോളേജ് വാഹന ഡ്രൈവർമാർ പിടിയിലായി. നാല് ജില്ലകളിലായി 3,333 ഡ്രൈവർമാരെയാണ് പോലീസ് പരിശോധിച്ചത്.
ഓപ്പറേഷൻ തൂഫാൻ: എറണാകുളം റേഞ്ചിൽ മദ്യപിച്ച് സ്കൂൾ വാഹനമോടിച്ച 29 ഡ്രൈവർമാർ പിടിയിൽ; വ്യാപക പരിശോധന
കൊച്ചി: വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം റേഞ്ച് പരിധിയിൽ സ്കൂൾ-കോളേജ് വാഹനങ്ങൾ കേന്ദ്രീകരിച്ച് പോലീസിന്റെ വ്യാപക പരിശോധന. 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്രയുടെ നിർദ്ദേശപ്രകാരം നടത്തിയ കനത്ത പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 29 ഡ്രൈവർമാർ പിടിയിലായി. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ 1,231 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 3,333 ഡ്രൈവർമാരെയാണ് പോലീസ് പരിശോധനയ്ക്ക് വിധേയരാക്കിയത്. പിടിയിലായവർക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസെടുത്ത് നിയമനടപടികൾ ആരംഭിച്ചു.
ജില്ല തിരിച്ചു നടത്തിയ പരിശോധനയുടെ വിവരങ്ങൾ താഴെ പറയുന്നപ്രകാരമാണ്
ആലപ്പുഴ: 244 സ്കൂളുകളിലെ 634 ഡ്രൈവർമാരെ പരിശോധിച്ചതിൽ ഏറ്റവും കൂടുതൽ പേർ പിടിയിലായത് ഇവിടെയാണ്— 9 പേർ.
എറണാകുളം റൂറൽ: 373 സ്കൂളുകളിലെ 1,162 ഡ്രൈവർമാരെ പരിശോധിച്ചതിൽ 7 പേർ മദ്യപിച്ചതായി കണ്ടെത്തി.
ഇടുക്കി: 303 സ്കൂളുകളിലെ 849 ഡ്രൈവർമാരെ പരിശോധിച്ചതിൽ 7 പേർ പിടിയിലായി.
കോട്ടയം: 311 സ്കൂളുകളിലെ 688 ഡ്രൈവർമാരെ പരിശോധിച്ചതിൽ 6 പേർക്കെതിരെ നടപടിയെടുത്തു.
മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയ ഡ്രൈവർമാരെ ജോലിയിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട സ്കൂൾ അധികൃതർക്ക് പോലീസ് കർശന നിർദേശം നൽകിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് ഡി.ഐ.ജി. യതീഷ് ചന്ദ്ര വ്യക്തമാക്കി. വരും ദിവസങ്ങളിലും യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ഇത്തരം പ്രത്യേക പരിശോധനകൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു. സ്കൂൾ മാനേജ്മെന്റുകളും വാഹന ഉടമകളും ഡ്രൈവർമാരുടെ യോഗ്യത, ശാരീരികക്ഷമത, നിയമാനുസൃത രേഖകൾ എന്നിവ കർശനമായി ഉറപ്പുവരുത്തണമെന്നും സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച അരുതെന്നും പോലീസ് ഓർമ്മിപ്പിച്ചു.