ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതി സെപ്റ്റംബറിൽ പൂർത്തിയാക്കും കെ.സി വേണുഗോപാൽ എം.പിയും മന്ത്രി പി.സി വിഷ്ണുനാഥും സ്ഥലം സന്ദർശിച്ചു
സ്വദേശ് ദർശൻ 2.0 പദ്ധതിയിലുള്ള ആലപ്പുഴ എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതി സെപ്റ്റംബറിൽ പൂർത്തിയാക്കാൻ കെ.സി വേണുഗോപാൽ എം.പിയുടെയും ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥിന്റെയും നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനം.
ആലപ്പുഴയെ 'ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്' ആക്കുന്ന സ്വദേശ് ദർശൻ പദ്ധതി സെപ്റ്റംബറിൽ പൂർത്തിയാക്കും: കെ.സി.വേണുഗോപാൽ എം.പി
ആലപ്പുഴ: ലോകനിലവാരത്തിലുള്ള ജലവിനോദസഞ്ചാര കേന്ദ്രമെന്ന ആലപ്പുഴയുടെ സ്വപ്നങ്ങൾക്ക് കുതിപ്പേകുന്ന 'ആലപ്പുഴ-എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്' പദ്ധതി ഈ വർഷം സെപ്റ്റംബറോടെ പൂർത്തിയാക്കാൻ നിർദ്ദേശം. കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിലുൾപ്പെടുത്തി നിർമ്മിക്കുന്ന പദ്ധതി പ്രദേശങ്ങൾ കെ.സി.വേണുഗോപാൽ എം.പി, സംസ്ഥാന ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എന്നിവർ സന്ദർശിച്ച് പുരോഗതി വിലയിരുത്തി.
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 93.177 കോടി രൂപ ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ജൂണിൽ തീരേണ്ട പദ്ധതി ഇനി വൈകിപ്പിക്കാൻ കഴിയില്ലെന്നും, നിർമ്മാണ ഏജൻസികളായ ഇൻകലും (INKEL) യു.എൽ.സി.സി.യും (ULCCS) ഒരേസമയം ജോലികൾ മുന്നോട്ട് കൊണ്ടുപോയി സെപ്റ്റംബറിൽ തന്നെ പൂർത്തിയാക്കണമെന്നും കെ.സി.വേണുഗോപാൽ എം.പി നിർദ്ദേശിച്ചു. ജല നിർഗമന മാർഗങ്ങളെക്കുറിച്ച് കൃത്യമായി പഠിച്ച് ഇതിനൊപ്പം നടപ്പാക്കണമെന്നും ബോട്ടിങ് സൗകര്യം ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി.
പദ്ധതിയുടെ ഭാഗമായി പുന്നമടയിലേക്കുള്ള റോഡുകളുടെ ആധുനികീകരണം ഉൾപ്പെടെയുള്ള ചില ഭാഗങ്ങൾ സംസ്ഥാന ടൂറിസം വകുപ്പുകൂടി സഹകരിച്ച് വേഗത്തിലാക്കുമെന്ന് ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ് വ്യക്തമാക്കി. ഇത്തവണത്തെ നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി നെഹ്റു പവലിയൻ വൃത്തിയാക്കാനും മന്ത്രി നിർദ്ദേശിച്ചു. സെപ്റ്റംബറിൽ പണി പൂർത്തിയായാൽ അടുത്ത ബീച്ച് ഫെസ്റ്റ് മികച്ച രീതിയിൽ സംഘടിപ്പിക്കാൻ ടൂറിസം വകുപ്പിന് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലയുടെ സമഗ്ര പുരോഗതിക്ക് ടൂറിസം പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കേണ്ടത് അനിവാര്യമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
സ്വദേശ് ദർശൻ പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളാപ്പള്ളി- ശവക്കോട്ട കനാലിന്റെ വശങ്ങൾ കെട്ടുന്ന ജോലികളും കാനൽ ആഴം കൂട്ടലും നിലവിൽ പുരോഗമിക്കുകയാണ്. ആലപ്പുഴ ബീച്ച്, കനാൽ തീരങ്ങൾ, അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ എന്നിവയെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ബീച്ച് ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ സംഘത്തോടൊപ്പം ജില്ലാ കളക്ടർ ഷാജി വി. നായർ, നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബ്, കൗൺസിലർമാരായ എ.എം. നൗഫൽ, അഡ്വ. ആർ.ആർ. ജോഷി രാജ്, ടൂറിസം വകുപ്പ് സെക്രട്ടറി കെ.ബിജു, അഡീഷണൽ ഡയറക്ടർ ശ്രീധന്യാ സുരേഷ്, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് സി.ഇ.ഓ മനോജ് കുമാർ കിനി, എ.ഡി.എം. സി. പ്രേംജി തുടങ്ങിയവരും പങ്കെടുത്തു.
ഉരുൾപൊട്ടലും വെള്ളപ്പൊക്കവും തടയാൻ മുൻകരുതൽ കുട്ടമ്പുഴയിൽ ജനങ്ങൾക്ക് ദുരന്തനിവാരണ പരിശീലനം
നെല്ല് സംഭരണം സപ്ലൈകോയുടെ ബാധ്യത തീർക്കാൻ 63.37 കോടി രൂപ അനുവദിച്ച് സർക്കാർ
മനസ്സുകൊണ്ട് വാനം തൊട്ട് കുരുന്നുകൾ വാളകത്ത് ‘മഴവില്ലഴക്’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി
കരുതലോടെ നഗരസഭ മൂവാറ്റുപുഴയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
കോതമംഗലം താലൂക്ക് ആശുപത്രിക്ക് എൻ.ക്യു.എ.എസ് അംഗീകാരം
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക് 
