രാജീവ് ചന്ദ്രശേഖർ സ്വത്തുവിവരങ്ങൾ മറച്ചുവെച്ചു 200 കോടിയുടെ കൊട്ടാരമുണ്ടെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ സത്യവാങ്മൂലത്തിൽ സ്വത്തുവിവരങ്ങൾ മറച്ചുവെച്ചതായി കോൺഗ്രസ് ആരോപിച്ചു. ബെംഗളൂരുവിലെ കോറമംഗലയിലുള്ള 200 കോടിയുടെ ഭൂമിയുടെ രേഖകളും കോൺഗ്രസ് പുറത്തുവിട്ടു.

രാജീവ് ചന്ദ്രശേഖർ സ്വത്തുവിവരങ്ങൾ മറച്ചുവെച്ചു 200 കോടിയുടെ കൊട്ടാരമുണ്ടെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ സത്യവാങ്മൂലത്തിൽ സ്വത്തുവിവരങ്ങൾ മറച്ചുവെച്ചതായി കോൺഗ്രസ് ആരോപിച്ചു. ബെംഗളൂരുവിലെ കോറമംഗലയിലുള്ള 200 കോടിയുടെ ഭൂമിയുടെ രേഖകളും കോൺഗ്രസ് പുറത്തുവിട്ടു.

​തിരുവനന്തപുരം: കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. ബെംഗളൂരുവിലെ കോറമംഗലയിലുള്ള കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കൊട്ടാരസദൃശമായ വീടിന്റെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം.

​ബെംഗളൂരുവിലെ ഏറ്റവും വിലയേറിയ പ്രദേശമായ കോറമംഗലയിൽ 49,000 ചതുരശ്രയടിയുള്ള വീടും ഒന്നര ഏക്കർ ഭൂമിയും രാജീവ് ചന്ദ്രശേഖറിനുണ്ടെന്ന് കോൺഗ്രസ് എക്‌സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ ആരോപിച്ചു. ചതുരശ്രയടിക്ക് 35,000 രൂപ മുതൽ 50,000 രൂപ വരെ വിലയുള്ള ഈ ഭൂമിക്ക് മാത്രം ഏകദേശം 200 കോടി രൂപ വരുമെന്നും പാർട്ടി ചൂണ്ടിക്കാട്ടുന്നു. ഈ സ്വത്തിന് ഈ വർഷം മാർച്ച് 17-ന് നികുതി അടച്ചതിന്റെ രേഖകളും പരിശോധനയ്ക്കായി കോൺഗ്രസ് പങ്കുവെച്ചിട്ടുണ്ട്.

​തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവമായ നീക്കമാണിതെന്നും വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

​സത്യവാങ്മൂലത്തിലെ കണക്കുകൾ ഇങ്ങനെ:

കഴിഞ്ഞ ദിവസം സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം രാജീവ് ചന്ദ്രശേഖറിന് ആകെ 93.88 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്:

​വീട്: കോറമംഗലയിൽ 15.07 കോടി രൂപ വിലമതിക്കുന്ന 9600 ചതുരശ്ര അടിയുടെ വീട്.

​ആഭരണങ്ങൾ: 369.12 ഗ്രാം സ്വർണ്ണവും വജ്രവും ഉൾപ്പെടെ 3.58 കോടിയുടെ ശേഖരം.

​വാഹനം: 10,000 രൂപ വിലമതിക്കുന്ന 1942 മോഡൽ കാർ.

​നിക്ഷേപങ്ങൾ: ഓഹരികളിലും ബോണ്ടുകളിലുമായി 35.83 കോടി, ബാങ്കുകളിൽ 4.37 കോടിയുടെ സ്ഥിരനിക്ഷേപം.

​വായ്പകൾ: സ്ഥാപനങ്ങൾ വഴി വായ്പയായി നൽകിയത് 34.96 കോടി.

​വരുമാനം: പ്രതിവർഷ വരുമാനം 92.91 ലക്ഷം രൂപ. കൈവശമുള്ള തുക 64,100 രൂപ.

​ഭാര്യ അഞ്ജുവിന് 18.10 കോടിയുടെ സ്വത്തും 60.50 ലക്ഷം രൂപയുടെ പ്രതിവർഷ വരുമാനവുമുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം, രാജീവിന് 107.39 കോടിയുടെയും ഭാര്യയ്ക്ക് 1.62 കോടിയുടെയും ബാധ്യതകളുമുണ്ട്. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പ്രതികരണത്തിന്റെ പേരിൽ കൊച്ചിയിൽ ഇദ്ദേഹത്തിനെതിരെ ക്രിമിനൽ കേസ് നിലവിലുണ്ട്.