യുവവോട്ടർമാരെ പിടിക്കാൻ റാപ്പ് തരംഗം; ജെൻ സീ വോട്ട് പാട്ടുമായി സയനോരയും തിരുമാലിയും.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുവാക്കളെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന ജെൻ സീ വോട്ട് പാട്ട് പുറത്തിറങ്ങി. സയനോരയും തിരുമാലിയും ചേർന്നാലപിച്ച റാപ്പ് ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ.
'ബ്ലൂ ടിക് ഇൻസ്റ്റഗ്രാമിൽ പോരാ, വിരലിലും വേണം'; തരംഗമായി ജെൻ സീ വോട്ട് പാട്ട്
കൊച്ചി: "ബ്ലൂ ടിക് അത് ഇൻസ്റ്റഗ്രാമിൽ പോരാ... ഫിംഗറിൻ്റെ ടിപ്പിലും വേണമെടാ..." സോഷ്യൽ മീഡിയയിൽ വൈറലാകുന്ന പുതിയ റാപ്പ് ഗാനത്തിലെ വരികളാണിത്. പുതുതലമുറയെ അവരുടെ ഭാഷയിൽ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'ജെൻ സീ വോട്ട് പാട്ട്' പുറത്തിറങ്ങി. തെരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ സ്വീപിൻ്റെ (SVEEP) ഭാഗമായി ട്രീ സ്റ്റാർ ഫിലിംസാണ് ഈ റാപ്പ് ഗാനം നിർമ്മിച്ചിരിക്കുന്നത്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുതലമുറയുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് തന്നെ മാതൃകയാകണമെന്നും വോട്ട് ചെയ്യുക എന്നത് ഓരോ പൗരൻ്റെയും കടമയും അവകാശവുമാണെന്നും ഗാനം പ്രകാശനം ചെയ്തുകൊണ്ട് ജില്ലാ കളക്ടർ ജി. പ്രിയങ്ക പറഞ്ഞു.
പ്രമുഖരുടെ വൻനിര
മലയാളത്തിലെ പ്രമുഖ ഗായിക സയനോര, റാപ്പർമാരായ തിരുമാലി, എസ്ടീ (SDEE) എന്നിവർ ചേർന്നാണ് ഈ ആവേശകരമായ ഗാനം ആലപിച്ചിരിക്കുന്നത്. ജോർജ് പീറ്ററാണ് സംഗീത സംവിധാനം. ചലച്ചിത്ര താരങ്ങളായ ടിനി ടോം, കൈലാഷ് എന്നിവർ ചേർന്നാണ് ഗാനത്തിൻ്റെ ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത്.
കാക്കനാട് ജെയിൻ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നടന്ന പ്രകാശന ചടങ്ങിൽ അസിസ്റ്റൻ്റ് കളക്ടറും സ്വീപ് നോഡൽ ഓഫീസറുമായ പാർവതി ഗോപകുമാർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ.എസ്. ശ്രീകല, യൂണിവേഴ്‌സിറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കലാലയങ്ങളിലെ വോട്ടർമാരെ കേന്ദ്രീകരിച്ചുള്ള വിപുലമായ പ്രചാരണത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്.

