ഗർഭകാല ഫോട്ടോ ഷൂട്ടിനിടെ വൻ ദുരന്തം മൂന്ന് വയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു
ബെംഗളൂരുവിൽ മെറ്റേണിറ്റി ഫോട്ടോ ഷൂട്ടിനിടെ മൂന്ന് വയസ്സുകാരൻ കൃത്രിമ കുളത്തിൽ വീണു മരിച്ചു. മാഗഡി റോഡിലെ സ്റ്റുഡിയോയിൽ നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഗർഭകാല ഫോട്ടോ ഷൂട്ടിനിടെ ദുരന്തം: മൂന്ന് വയസ്സുകാരൻ കൃത്രിമ കുളത്തിൽ വീണു മരിച്ചു
ബെംഗളൂരു: അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനായി (Maternity Photo shoot) എത്തിയ മൂന്ന് വയസ്സുകാരൻ സ്റ്റുഡിയോയിലെ കൃത്രിമ കുളത്തിൽ വീണു മരിച്ചു. ബെംഗളൂരു മാഗഡി റോഡിലുള്ള സ്വകാര്യ സ്റ്റുഡിയോയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ചരൺരാജ്-സ്വാതി ദമ്പതികളുടെ മകൻ ലക്ഷ്‌വീർ ആണ് മരിച്ചത്.
ഏഴുമാസം ഗർഭിണിയായ സ്വാതി ഫോട്ടോ ഷൂട്ടിനായാണ് സ്റ്റുഡിയോയിൽ എത്തിയത്. ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ പരിസരത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സ്റ്റുഡിയോ വളപ്പിലെ കൃത്രിമ കുളത്തിൽ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി കളിക്കുന്നതിനിടെ കാൽവഴുതി കുളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
കുട്ടിയുടെ പിതാവ് ചരൺരാജ് സോഫ്റ്റ്‌വെയർ എൻജിനീയറാണ്. അദ്ദേഹം നിലവിൽ ജോലിയുടെ ഭാഗമായി യുഎസിലാണ്. സ്വാതി തന്റെ വനിതാ സുഹൃത്തിനൊപ്പമാണ് ഫോട്ടോ ഷൂട്ടിനായി സ്റ്റുഡിയോയിലെത്തിയത്. മൂന്ന് കൃത്രിമ കുളങ്ങളാണ് ഈ സ്റ്റുഡിയോ പരിസരത്തുള്ളത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയതായും സ്റ്റുഡിയോയിലെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

