കള്ളാടി തുരങ്കപാത മണ്ണിടിച്ചിൽ മണ്ണ് 3 ദിവസത്തിനകം നീക്കാൻ നിർദ്ദേശം ദുരന്തമേഖലയിലെ തിരച്ചിൽ അവസാനിപ്പിച്ചു

വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് രൂപപ്പെട്ട മണ്ണ് മൂന്ന് ദിവസത്തിനകം നീക്കം ചെയ്യാൻ മന്ത്രി ടി. സിദ്ദീഖ് നിർദ്ദേശം നൽകി. കാണാതായവർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചു.

കള്ളാടി തുരങ്കപാത മണ്ണിടിച്ചിൽ മണ്ണ് 3 ദിവസത്തിനകം നീക്കാൻ നിർദ്ദേശം ദുരന്തമേഖലയിലെ തിരച്ചിൽ അവസാനിപ്പിച്ചു
കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗം
കള്ളാടി തുരങ്കപാത മണ്ണിടിച്ചിൽ മണ്ണ് 3 ദിവസത്തിനകം നീക്കാൻ നിർദ്ദേശം ദുരന്തമേഖലയിലെ തിരച്ചിൽ അവസാനിപ്പിച്ചു

കള്ളാടി തുരങ്കപാത മണ്ണിടിച്ചിൽ: മണ്ണ് മൂന്ന് ദിവസത്തിനകം മാറ്റാൻ നിർദ്ദേശം; തിരച്ചിൽ അവസാനിപ്പിച്ചു

കൽപ്പന: കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് രൂപപ്പെട്ട മണ്ണ് മൂന്ന് ദിവസത്തിനകം നീക്കം ചെയ്യാൻ നിർമാണ കമ്പനിക്ക് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് നിർദ്ദേശം നൽകി. അപകടത്തിൽ റോഡിന്റെ ഇരുവശങ്ങളിലേക്കും ഇടിഞ്ഞതും കൂട്ടിയിട്ടിരിക്കുന്നതുമായ മണ്ണ് അടിയന്തരമായി മാറ്റാനാണ് നിർദ്ദേശം. കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന പ്രത്യേക അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം, അപകടത്തെ തുടർന്ന് കാണാതായ മുഴുവൻ ആളുകളെയും കണ്ടെത്തിയ സാഹചര്യത്തിൽ മേഖലയിലെ തിരച്ചിൽ ഔദ്യോഗികമായി അവസാനിപ്പിച്ചു.

​അപകടമേഖലയിൽ പരിശോധന നടത്തുന്നതിനായി വിദഗ്ധ സമിതി ഇന്ന് ജില്ലയിലെത്തും. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ സുരക്ഷാ ക്രമീകരണങ്ങളും മണ്ണ് നീക്കൽ പ്രക്രിയയും നിശ്ചയിക്കുക. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് സർക്കാർ രണ്ടു ലക്ഷം രൂപയും കമ്പനി രണ്ടര ലക്ഷം രൂപയും വീതം ആശ്വാസ ധനസഹായം അനുവദിക്കും. ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിലുള്ള മൂന്നുപേർക്ക് കമ്പനി അധിക തുക നൽകും. അടിയന്തര-സ്ഥിരമായ സാമ്പത്തിക സഹായങ്ങൾ പത്ത് ദിവസത്തിനകം ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറാൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

​വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം; സൗജന്യ റേഷൻ

ചൂരൽമലയിൽ നിന്നും മേപ്പാടി ഭാഗങ്ങളിലെ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്കായി സ്കൂൾ ബസ്, കെ.എസ്.ആർ.ടി.സി സൗകര്യങ്ങൾ ഉറപ്പാക്കും. ചൂരൽമല ഭാഗത്തുനിന്നുള്ള ജീപ്പ് സർവീസുകളുടെ എണ്ണവും വർദ്ധിപ്പിക്കും. ദുരന്തത്തെ തുടർന്ന് ഒറ്റപ്പെട്ടുപോയ കുടുംബങ്ങൾക്ക് ഒരാഴ്ചത്തേക്ക് സൗജന്യ റേഷൻ നൽകാനും യോഗത്തിൽ തീരുമാനമായി.

​സുരക്ഷാ ക്രമീകരണങ്ങളും പുനരധിവാസവും

മണ്ണിടിച്ചിലുണ്ടായ മീനാക്ഷിപുഴയുടെ ഇരു വശങ്ങളിലും പോലീസ്-അഗ്നിശമന സേനകളുടെ നേതൃത്വത്തിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും. മീനാക്ഷി പാലത്തിലൂടെ ആളുകളെ സുരക്ഷിതമായി കടത്തിവിടാൻ കമ്പനി പ്രതിനിധികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പാലത്തിന്റെ ബലക്ഷയം പരിശോധിച്ച് കൈവരികൾ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പിനും പുഴയുടെ നവീകരണ പ്രവൃത്തികൾക്കായി ജലസേചന വകുപ്പിനും നിർദ്ദേശം നൽകി.

​മണ്ണിടിച്ചിലിൽ മീനാക്ഷി പാലത്തിന് താഴെ ഭാഗത്തുള്ള വീട് ഭാഗികമായി തകർന്ന സാഹചര്യത്തിൽ, ഉടമസ്ഥർക്ക് പകരം വീട് കണ്ടെത്താൻ മേപ്പാടി ഗ്രാമപഞ്ചായത്തിനെ ചുമതലപ്പെടുത്തി. മഴ ശക്തമാകുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ പഞ്ചായത്ത് ഭരണസമിതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കുടിവെള്ളം തടസ്സപ്പെട്ട സ്ഥലങ്ങളിൽ വാട്ടർ അതോറിറ്റി മുഖേന താൽക്കാലികമായി വെള്ളം എത്തിക്കാനും ഭൂജല വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി കുഴൽക്കിണർ ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനും മന്ത്രി നിർദ്ദേശിച്ചു.

​യോഗത്തിൽ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, എ.ഡി.എം കെ. അജീഷ്, സബ് കലക്ടർ അതുൽ സാഗർ, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ആറ് ദിവസമായി എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, പോലീസ്, സിവിൽ ഡിഫൻസ് വളണ്ടിയേഴ്സ്, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ മികച്ച ഏകോപനത്തോടെയാണ് തിരച്ചിൽ നടത്തിയതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.