പ്രവാസികൾക്ക് ഇനി ലോകത്തിന്റെ എവിടെയിരുന്നും പരാതിപ്പെടാം

പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ലോകത്തിന്റെ ഏതു കോണിൽ നിന്നും പരാതികൾ സമർപ്പിക്കാൻ പ്രവാസി കമ്മീഷന്റെ വെബ്‌സൈറ്റ് ഓഗസ്റ്റ് മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ചെയർപേഴ്‌സൺ ജസ്റ്റിസ് സോഫി തോമസ്.

പ്രവാസികൾക്ക് ഇനി ലോകത്തിന്റെ എവിടെയിരുന്നും പരാതിപ്പെടാം
ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ചു

​പ്രവാസികൾക്ക് ലോകത്തെവിടെയിരുന്നും പരാതിപ്പെടാം പ്രവാസി കമ്മീഷൻ വെബ്‌സൈറ്റ് ഓഗസ്റ്റ് മുതൽ

ആലപ്പുഴ: പ്രവാസികൾക്ക് ലോകത്തിന്റെ ഏത് കോണിലിരുന്നും തങ്ങളുടെ പരാതികൾ സമർപ്പിച്ചു വേഗത്തിൽ പരിഹാരം തേടുന്നതിനായി പ്രവാസി കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഓഗസ്റ്റ് മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് സോഫി തോമസ് അറിയിച്ചു. ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

​പ്രവാസികളുടെ വ്യക്തിപരമായ പരാതികൾക്ക് പുറമെ, നാട്ടിലുള്ള അവരുടെ കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കും കമ്മീഷനെ സമീപിക്കാവുന്നതാണ്. കമ്മീഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആരംഭിച്ച ജില്ലാതല അദാലത്തുകൾ ആലപ്പുഴയിലെ സിറ്റിങ്ങോടെ പൂർത്തിയായി. വിവിധ ജില്ലകളിലായി 500-ലധികം കേസുകളാണ് ഈ കാലയളവിൽ തീർപ്പാക്കിയത്. ഓരോ അദാലത്തിലും ശരാശരി 30 മുതൽ 50 വരെ പരാതികൾക്ക് പരിഹാരം കാണാൻ സാധിച്ചിട്ടുണ്ട്. അടുത്ത അദാലത്ത് ഓഗസ്റ്റ് 11-ന് തിരുവനന്തപുരത്ത് നടക്കും.

​ചതിക്കുന്നതും ചതിക്കപ്പെടുന്നതും മലയാളികൾ

അദാലത്തുകളിൽ എത്തുന്ന പരാതികളിൽ 70 ശതമാനവും സാമ്പത്തിക വഞ്ചനാക്കേസുകളാണെന്ന് ജസ്റ്റിസ് സോഫി തോമസ് ചൂണ്ടിക്കാട്ടി. വിദേശരാജ്യങ്ങളിൽ തൊഴിലുടമകളാൽ ചതിക്കപ്പെട്ട്, യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാതെ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന പ്രവാസികളുടെ എണ്ണം വർധിക്കുകയാണ്. ഇതിൽ ചതിക്കുന്നവരും ചതിക്കപ്പെടുന്നവരും ഭൂരിഭാഗവും മലയാളികളാണെന്നത് നിർഭാഗ്യകരമാണ്. പരാതികൾ പരിഹരിക്കാൻ പ്രവാസി കമ്മീഷൻ നിലവിലുള്ള കാര്യം പലർക്കും അറിയില്ല. പരാതിപ്പെടാൻ വൈകുന്നത് നിയമനടപടികൾക്ക് തടസ്സമാകുന്നുണ്ട്. തട്ടിപ്പിനിരയായാൽ കാലതാമസം കൂടാതെ കമ്മീഷനെ സമീപിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് അവർ ഉറപ്പുനൽകി.

​വിദ്യാർത്ഥികളും പ്രവാസികളും ജാഗ്രത പാലിക്കണം

പത്താം ക്ലാസ്, പ്ലസ് ടു പഠനത്തിന് ശേഷം വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികൾ അംഗീകാരമില്ലാത്ത സർവകലാശാലകളിൽ ചെന്ന് പെടുന്ന സാഹചര്യം വ്യാപകമാണ്. ഇത്തരം തട്ടിപ്പുകളിൽ പെടുന്ന കുട്ടികൾക്ക് വിദേശത്ത് മാന്യമായ ജീവിതസാഹചര്യങ്ങളോ താമസ-ഭക്ഷണ സൗകര്യങ്ങളോ ലഭിക്കാറില്ല. വിദേശത്തെ സമ്പാദ്യം നാട്ടിൽ നിക്ഷേപിച്ച് തട്ടിപ്പിനിരയാകുന്ന പ്രവാസികളും, 'പ്രവാസി വെൽഫെയർ അസോസിയേഷൻ' എന്ന പേരിൽ നടക്കുന്ന വ്യാജ കൂട്ടായ്മകളുടെ ചതിക്കുഴികളിൽ വീഴുന്നവരും കുറവല്ല.

​ഇത്തരം തട്ടിപ്പുകൾ തടയുന്നതിനായി നോർക്ക റൂട്ട്സ് (NORKA Roots) വഴി വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുവാൻ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾ ഏതൊരു സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോഴും നിർബന്ധമായും വീട്ടുകാരുമായി ആലോചിക്കണമെന്നും കമ്മീഷൻ ഓർമ്മിപ്പിച്ചു.

​ആലപ്പുഴയിൽ നടന്ന അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ പി.എം. ജാബിർ, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം.എം. നഈം, ജോസഫ് ദേവസ്യ പൊന്മാങ്കൽ, അസിസ്റ്റൻറ് സെക്രട്ടറി ജി.എസ്. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.