സാഹസിക കയാക്കിങ് മാമാങ്കത്തിന് കോഴിക്കോട് ഒരുങ്ങുന്നു മലബാർ റിവർ ഫെസ്റ്റിവൽ ജൂലൈയിൽ
ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവലിന്റെ പന്ത്രണ്ടാം പതിപ്പ് ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ കോഴിക്കോട് നടക്കും.
മലബാർ റിവർ ഫെസ്റ്റിവൽ വിപുലമായി സംഘടിപ്പിക്കും; സംഘാടക സമിതി യോഗം ചേർന്നു
കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരവും ഇന്ത്യയിലെ പ്രമുഖ സാഹസിക കായിക മേളകളിലൊന്നുമായ ‘മലബാർ റിവർ ഫെസ്റ്റിവലിന്റെ’ പന്ത്രണ്ടാം പതിപ്പ് വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. സി.കെ. കാസിം എം.എൽ.എയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന സംഘാടക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിലായി കോഴിക്കോട് ജില്ലയിലെ ചാലിപ്പുഴ, ഇരുവഞ്ഞിപ്പുഴ എന്നിവിടങ്ങളിലാണ് ഈ വർഷത്തെ റിവർ ഫെസ്റ്റിവൽ അരങ്ങേറുക. ഫെസ്റ്റിവലിന് മുന്നോടിയായി വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പ്രീ-ഇവന്റുകൾ സംഘടിപ്പിക്കും. മത്സര വേദികൾ, മത്സര ഇനങ്ങൾ എന്നിവയ്ക്ക് യോഗത്തിൽ അന്തിമരൂപം നൽകി.
ദേശീയ-അന്തർദേശീയ കയാക്കിങ് താരങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കൽ, വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ, ധനസമാഹരണം, ഉദ്ഘാടന-സമാപന ചടങ്ങുകൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ യോഗം ചർച്ച ചെയ്തു. വിവിധ സർക്കാർ വകുപ്പുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും ഏകോപനം, സുരക്ഷാ ക്രമീകരണങ്ങൾ, ദുരന്തനിവാരണ സംവിധാനങ്ങൾ, രക്ഷാപ്രവർത്തനം എന്നിവയും വിലയിരുത്തി. പരിപാടിയിൽ ജനകീയ പങ്കാളിത്തവും എല്ലാവരുടെയും സഹകരണവും ഉറപ്പാക്കണമെന്ന് സി.കെ. കാസിം എം.എൽ.എ അഭ്യർത്ഥിച്ചു. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും വകുപ്പുകളുടെ ഏകോപനവും ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചു.
കേരള വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി (KATPS), ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC), ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
വിപുലമായ സംഘാടക സമിതി
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പരിപാടിയുടെ വിപുലമായ സംഘാടക സമിതി രൂപീകരിച്ചിരുന്നു. ടൂറിസം മന്ത്രി മുഖ്യ രക്ഷാധികാരിയായ സമിതിയിൽ പ്രിയങ്ക ഗാന്ധി എം.പി, എം.എ.ൽ.എമാരായ സി.കെ. കാസിം, എം.എ. റസാഖ് മാസ്റ്റർ, പാറക്കൽ അബ്ദുല്ല, ഫാത്തിമ തഹ്‌ലിയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ടൂറിസം സെക്രട്ടറി, ഡയറക്ടർ എന്നിവർ രക്ഷാധികാരികളാണ്. ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയാണ് ചെയർപേഴ്‌സൺ. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ് ഓർഗനൈസിങ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
കോഴിക്കോട് കളക്ടറേറ്റിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ, സബ് കളക്ടർ എസ്. ഗൗതം രാജ്, അസിസ്റ്റന്റ് കളക്ടർ മാളവിക ജി. നായർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, കെ.എ.ടി.പി.എസ് സി.ഇ.ഒ ബിനു കുര്യാക്കോസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്‌കാരിക സംഘടന പ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികളും യോഗത്തിൽ രൂപീകരിച്ചു.

