കൊച്ചിയിലെ ബസുകളുടെ മത്സരയോട്ടത്തിന് തടയിടും മന്ത്രി സി.പി. ജോൺ

കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (KMTA) ആദ്യ യോഗത്തിൽ നഗരത്തിലെ സ്വകാര്യ ബസുകളുടെ സമയക്രമം പരിഷ്കരിക്കാനും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും നിർണായക തീരുമാനങ്ങൾ

കൊച്ചിയിലെ ബസുകളുടെ മത്സരയോട്ടത്തിന് തടയിടും മന്ത്രി സി.പി. ജോൺ
കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി (കെഎംടിഎ)യുടെ ആദ്യയോഗം ചെയര്‍മാന്‍ കൂടിയായ ഗതാഗത മന്ത്രി സി.പി ജോണിന്റെ അധ്യക്ഷതയില്‍ കെഎംആര്‍എല്‍ കോര്‍പറേറ്റ് ഓഫീസില്‍ ചേരുന്നു.
കൊച്ചിയിലെ ബസുകളുടെ മത്സരയോട്ടത്തിന് തടയിടും മന്ത്രി സി.പി. ജോൺ

കൊച്ചിയിലെ ബസുകളുടെ മത്സരയോട്ടത്തിന് തടയിടും; കെഎംടിഎ ആദ്യ യോഗത്തിൽ നിർണായക തീരുമാനങ്ങൾ

കൊച്ചി: കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി(കെഎംടിഎ)യുടെ ആദ്യയോഗം ചെയര്‍മാന്‍കൂടിയായ ഗതാഗത മന്ത്രി സി.പി. ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ കെഎംടിഎയുടെ ഘടന, ചുമതലകള്‍, പേഴ്‌സണല്‍ & ഫെസിലിറ്റീസ്, ഫിനാന്‍സ്, ആക്ട് ഭേദഗതികള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു. കൊച്ചി നഗര ഗതാഗത സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി നിര്‍ണായക തീരുമാനങ്ങള്‍ എടുത്തു. 

കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ കാലഹരണപ്പെട്ട സമയക്രമം ശാസ്ത്രീയമായി പരിഷ്‌കരിച്ച് മത്സരയോട്ടം ഒഴിവാക്കാന്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയോട് (ആര്‍.ടി.എ) ആവശ്യപ്പെടാന്‍ മന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചു. ഒരു കിലോമീറ്ററിന് രണ്ടര മിനിറ്റ് എന്ന സമയക്രമം നിലവിലെ ട്രാഫിക് സാഹചര്യത്തിൽ പ്രായോഗികമല്ല എന്ന് കണ്ടാണ് ഈ ശുപാർശ. കാല്‍നടയാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഹൈക്കോടതി ജംഗ്ഷന്‍, കലൂര്‍ ജംഗ്ഷന്‍, മേനക തുടങ്ങിയ നഗരത്തിലെ പ്രധാന ജംഗ്ഷനുകളില്‍ കാല്‍നടയാത്രക്കാര്‍ക്കായി വീതി കൂടിയ സീബ്രാ ലൈനുകള്‍ സ്ഥാപിക്കും. നഗരത്തിലെ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഈ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നുവെന്നും ഉറപ്പാക്കും.  

കൂടാതെ അതോറിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി നിയമഭേദഗതികള്‍ വരുത്തും. കെഎംടിഎ ആക്ടില്‍ ആവശ്യമായ ഭേദഗതികള്‍ നിർദ്ദേശിക്കുന്നതിനായി ടൗണ്‍ പ്ലാനര്‍, സ്മാര്‍ട്ട് സിറ്റി പ്രതിനിധികള്‍, വിദഗ്ധര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റി രൂപീകരിക്കും. വിദഗ്ധരെ ഉള്‍പ്പെടുത്തി 

ധനകാര്യ സബ് കമ്മിറ്റിയും രൂപികരിക്കും.    

കൃത്യമായ ഇടവേളയില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ കെഎംടിഎ യോഗം ചേരും. കൊച്ചിയിലെ ഗതാഗത വികസന മാതൃകകള്‍ മെച്ചപ്പെടുത്തുന്നതിനായി ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലെ ഗതാഗത സംവിധാനങ്ങള്‍ പഠിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തുന്നതിനും യോഗം തീരുമാനിച്ചു.   കലൂരിലെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) കോര്‍പറേറ്റ് ഓഫീസില്‍ നടന്ന യോഗത്തില്‍ ടി.ജെ വിനോദ് എംഎല്‍എ, കൊച്ചി മേയര്‍ വി.കെ മിനിമോള്‍, അഡീ ചീഫ് സെക്രട്ടറി (ഫിനാന്‍സ്) കെ.ആര്‍. ജ്യോതിലാല്‍, ഗതാഗത കമ്മീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍, ഗതാഗത സെക്രട്ടറി ടി.വി അനുപമ, കെഎംടിഎ ചീഫ് എക്‌സീക്യൂട്ടീവ് ഓഫീസര്‍കൂടിയായ ജില്ലാ കലക്ടര്‍ ജി. പ്രിയങ്ക, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.