കാക്കനാട്ട് ഹോർട്ടികോർപ്പ് സംയോജിത പാക്ക് ഹൗസ് നാടിന് സമർപ്പിച്ചു

കേരളത്തിലെ കാർഷിക മേഖലയെ ആധുനികവത്കരിച്ച് കർഷകരുടെ വരുമാനം വർധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്. കാക്കനാട്ട് നിർമ്മിച്ച ഹോർട്ടി കോർപ്പ് സംയോജിത പാക്ക് ഹൗസ് സമർപ്പിച്ചു.

കാക്കനാട്ട് ഹോർട്ടികോർപ്പ് സംയോജിത പാക്ക് ഹൗസ് നാടിന് സമർപ്പിച്ചു
സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ പരിപാടികളുടെ ഭാഗമായി കാക്കനാട് ഹോർട്ടികോർപ്പിൽ നിർമിച്ച സംയോജിത പാക്ക്ഹൗസിന്റെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി ടി സിദ്ദിഖ് നിർവഹിക്കുന്നു
കാക്കനാട്ട് ഹോർട്ടികോർപ്പ് സംയോജിത പാക്ക് ഹൗസ് നാടിന് സമർപ്പിച്ചു

കാർഷിക മേഖലയുടെ ആധുനികവൽക്കരണമാണ് സർക്കാരിന്റെ ലക്ഷ്യം: മന്ത്രി ടി. സിദ്ദിഖ്; കാക്കനാട്ട് സംയോജിത പാക്ക് ഹൗസ് നാടിന് സമർപ്പിച്ചു

​കാക്കനാട് (കൊച്ചി): കാർഷിക മേഖലയെ ആധുനികവത്കരിച്ച് കർഷകരുടെ വരുമാനം വർധിപ്പിക്കുകയാണ് സംസ്ഥാന കൃഷിവകുപ്പിന്റെ പ്രധാന ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ കാക്കനാട്ട് നിർമ്മിച്ച സംയോജിത പാക്ക് ഹൗസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​വിളവെടുപ്പിന് മുൻപും ശേഷവും കർഷകർക്ക് ആവശ്യമായ മുഴുവൻ സൗകര്യങ്ങളും ഒരുക്കി നൽകുക എന്ന ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് ഈ പാക്ക് ഹൗസ് തയ്യാറാക്കിയിരിക്കുന്നത്. സംഭരണം, ഗ്രേഡിംഗ്, പാക്കേജിംഗ്, മൂല്യവർധനവ്, കോൾഡ് സ്റ്റോറേജ്, കയറ്റുമതി വിപണന മേഖലകളിലേക്ക് കർഷകരെ നേരിട്ട് ബന്ധിപ്പിക്കൽ തുടങ്ങി വിവിധ തലങ്ങളിൽ കർഷകർക്ക് സംരക്ഷണം ഉറപ്പാക്കാൻ ഈ പദ്ധതിയോടെ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

​സാങ്കേതികവിദ്യയിലധിഷ്ഠിതമായ പുതിയ കാർഷിക സംസ്കാരം

​പരമ്പരാഗത കൃഷിരീതികളിൽ നിന്ന് മാറി സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ആധുനിക രീതികളിലേക്ക് കേരളം മുന്നേറുകയാണ്. ഡ്രോണുകൾ, ഡാറ്റ അധിഷ്ഠിത കൃഷി, കൃത്യതാ കൃഷി (Precision Farming), കാർഷിക സ്റ്റാർട്ടപ്പുകൾ എന്നിവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി മേഖലയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിളവെടുപ്പ് സമയത്ത് ഉൽപ്പന്നങ്ങൾക്ക് വില കുറയുന്ന സാഹചര്യം ഒഴിവാക്കാൻ കോൾഡ് ചെയിൻ സംവിധാനങ്ങളും ആധുനിക പാക്കേജിംഗ് കേന്ദ്രങ്ങളും വലിയ പങ്കുവഹിക്കും.

​കേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങൾക്ക് ദേശീയ-അന്തർദേശീയ വിപണികൾ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രമുഖ കയറ്റുമതിക്കാരുമായി കർഷകരെ നേരിട്ട് ബന്ധിപ്പിച്ച് ഉത്പന്നങ്ങൾ വിദേശ വിപണിയിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനും പ്രധാന വിപണന കേന്ദ്രങ്ങൾക്കും സമീപം ആരംഭിച്ച ഈ പാക്ക് ഹൗസ് എറണാകുളം ജില്ലയിലെ കർഷകർക്ക് വലിയ ആശ്വാസമാകും.

​സുരക്ഷിത ഭക്ഷണവും വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കും

​കൃഷിവകുപ്പിന്റെ വിവിധ ലാബുകളിൽ നടത്തിയ പരിശോധനയിൽ 1258 ഇനം കാർഷിക-ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ 62 ഇനങ്ങളിൽ അപകടകരമായ രീതിയിൽ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. വിഷം പണം കൊടുത്തു വാങ്ങുന്ന സ്ഥിതി ജീവിതശൈലീ രോഗങ്ങൾക്ക് കാരണമാകുന്നു. കേരളത്തിന്റെ നഷ്ടപ്പെട്ട കാർഷിക സംസ്കാരം തിരിച്ചുപിടിക്കണമെന്നും പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ സ്കൂളുകളിൽ 'കതിർ ക്ലബ്ബുകൾ' ആരംഭിച്ചതായും മന്ത്രി പറഞ്ഞു. കാർഷിക വൃത്തിയിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​കാലാവസ്ഥാ വ്യതിയാനം മൂലം വിളനാശം സംഭവിച്ച കർഷകർക്ക് നിലവിൽ ലഭിക്കുന്ന തുകയുടെ ഇരട്ടി നഷ്ടപരിഹാരമായി ലഭ്യമാക്കും. വന്യജീവി ശല്യ പ്രതിരോധം, മൂല്യവർധിത ഉൽപ്പന്ന വികസനം, എക്സോട്ടിക് ഫലവിള കൃഷി പ്രോത്സാഹനം തുടങ്ങിയ പദ്ധതികൾ ഘട്ടമായി നടപ്പിലാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

​സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഓസോൺ വാഷ് സംവിധാനം: ഉമാ തോമസ് എം.എൽ.എ

​ചടങ്ങിൽ തൃക്കാക്കര എം.എൽ.എ ഉമാ തോമസ് അധ്യക്ഷത വഹിച്ചു. പച്ചക്കറികളിലെ കീടനാശിനി സാന്നിദ്ധ്യം കുറച്ച് ജനങ്ങൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ പാക്ക് ഹൗസിൽ ഓസോൺ വാഷ് അടക്കമുള്ള ആധുനിക സംവിധാനങ്ങൾ ഒരുക്കിയത് അഭിനന്ദനാർഹമാണെന്ന് എം.എൽ.എ പറഞ്ഞു. വനിതാ കാർഷിക വർഷത്തിന്റെ ഭാഗമായി ഈ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കട്ടെയെന്നും അവർ ആശംസിച്ചു.

​ചടങ്ങിൽ സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ മിഷൻ ഡയറക്ടർ ആശ എസ്. പദ്ധതി വിശദീകരണവും കെ.എൽ.ഡി.സി മാനേജിംഗ് ഡയറക്ടർ ബീന ലളിത സാങ്കേതിക അവതരണവും നടത്തി. തൃക്കാക്കര മുനിസിപ്പൽ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, ഹോർട്ടികോർപ് മാനേജിങ് ഡയറക്ടർ സിന്ധു എസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ക്ലീറ്റസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റ ജേക്കബ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈജോ പറമ്പി, നഗരസഭ ചെയർപേഴ്സൺ ഷെറീന ഷുക്കൂർ, എം.എസ്. അനിൽകുമാർ, ജില്ലാ കൃഷി ഓഫീസർ സഞ്ജു സൂസൻ മാത്യു, ആത്മ പ്രൊജക്റ്റ് ഡയറക്ടർ ഇന്ദു പി. നായർ, ഹോർട്ടി കോർപ്പ് റീജണൽ മാനേജർ ജിതേഷ് സി.വി. തുടങ്ങിയവർ സംസാരിച്ചു.