പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കും മന്ത്രി ഷിബു ബേബി ജോണ്‍
മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്പുഴ ഉന്നതിയില്‍ പ്രീ പ്രൈമറി സ്‌കൂളിനും കമ്യൂണിറ്റി ഹാളിനും വനംവകുപ്പ് സ്ഥലം അനുവദിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. തണ്ടന്‍കല്ല് ഉന്നതിയിലെ പുനരവാസവും വനാവകാശ രേഖ വിതരണവും സംബന്ധിച്ച പ്രഖ്യാപനങ്ങള്‍.
വാണിയമ്പുഴയില്‍ സ്‌കൂളിനും കമ്യൂണിറ്റി ഹാളിനും സ്ഥലം നൽകും: വനം മന്ത്രി ഷിബു ബേബി ജോണ്‍
നിലമ്പൂര്‍: മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്പുഴ ഉന്നതിയില്‍ പ്രീ പ്രൈമറി സ്‌കൂളിനും കമ്യൂണിറ്റി ഹാളിനും കരുളായി ഉള്‍വനത്തിലെ മുണ്ടക്കടവ് ഉന്നതിയില്‍ അങ്കണവാടിക്കും വനംവകുപ്പ് സ്ഥലം നല്‍കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. നിലമ്പൂര്‍ മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്പുഴ ഉന്നതിയില്‍ 'ഊര് ഉണര്‍വ്' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടമായി ഏഴു വര്‍ഷമായി മുണ്ടേരി വിത്തുകൃഷി തോട്ടത്തിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ കഴിയുന്ന തണ്ടന്‍കല്ല് ഉന്നതിക്കാരെ പുനരധിവസിപ്പിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. തണ്ടന്‍കല്ലുകാര്‍ മുമ്പ് താമസിച്ചിരുന്ന മുണ്ടേരി വനത്തിനുള്ളിലെ സ്ഥലം വാസയോഗ്യമാണെന്ന് ജിയോളജി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയാല്‍ ആ സ്ഥലം ഉടന്‍ കൈമാറും. ഇവിടെ വാസയോഗ്യമല്ലെങ്കില്‍ കേന്ദ്ര അനുമതിയോടെ ആറു മാസത്തിനകം പകരം ഭൂമി കൈമാറാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി.
വനത്തിനുള്ളിലെ ആദിവാസി ഉന്നതികളില്‍ കഴിയുന്നവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി വനം മന്ത്രിയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും നേരിട്ടെത്തി പരാതികള്‍ കേള്‍ക്കുന്ന പദ്ധതിയാണ് 'ഊര് ഉണര്‍വ്'. വാണിയമ്പുഴ, തരിപ്പപൊട്ടി ഉന്നതികളിലായി അപേക്ഷ സമര്‍പ്പിച്ച 39 കുടുംബങ്ങള്‍ക്കുള്ള വനാവകാശ രേഖകള്‍ ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. ശേഷിക്കുന്ന രണ്ട് പേര്‍ക്കുള്ള രേഖ ഒരു മാസത്തിനകവും മറ്റു രണ്ട് പേരുടെ അപേക്ഷകള്‍ പരിശോധിച്ചും നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
ആദിവാസി വിഭാഗങ്ങളുടെ തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് വനംവകുപ്പിന്റെ സ്പെഷല്‍ റിസര്‍വ് ഫോഴ്സില്‍ 500 പേരെ നിയമിക്കുമെന്നും ഇതില്‍ കായിക ക്ഷമതയുള്ള ആദിവാസി വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി കാടിനെ അറിയുന്ന ആദിവാസി യുവാക്കള്‍ക്ക് ഗൈഡ് കം ഗാര്‍ഡായി പ്രത്യേക പരിശീലനം നല്‍കി തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കും. വാണിയമ്പുഴ, നെടുങ്കയം, മാഞ്ചീരി എന്നിവിടങ്ങളില്‍ നേരിട്ടെത്തിയാണ് മന്ത്രിയും സംഘവും ആദിവാസി കുടുംബങ്ങളുടെ പരാതികള്‍ കേട്ടത്.
ചടങ്ങില്‍ ജില്ലാ കളക്ടര്‍ വിനയ് ഗോയല്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ സി.സി.എഫ് ഡോ. പ്രമോദ് ജി കൃഷ്ണന്‍, സി.സി.എഫുമാരായ കെ. വിജയാനന്ദ്, കെ. കാര്‍ത്തികേയന്‍, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ സാക്ഷി മോഹന്‍, നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ ജി. ധനിക്ലാല്‍, നോര്‍ത്ത് ഡി.എഫ്.ഒ പി.ധനീഷ് കുമാര്‍, പോത്തുകല്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എ ജോസ്, ഐ.ടി.ഡി.പി ജില്ലാ പ്രൊജക്ട് ഓഫീസര്‍ എം. ബിപിന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.