അമിതഭാരം കയറ്റിയ ലോറികൾക്കെതിരെ 6.04 ലക്ഷം രൂപ പിഴ പേഴക്കാപ്പിള്ളി മത്സ്യ മാർക്കറ്റിൽ എം.വി.ഡി നിയന്ത്രണം
എറണാകുളത്ത് മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധനയിൽ ഓവർലോഡ് കയറ്റിയ 20 വാഹനങ്ങളിൽ നിന്നായി 6.04 ലക്ഷം രൂപ പിഴ ഈടാക്കി. നിയമലംഘകർക്കെതിരെ കർശന നടപടി തുടരുമെന്ന് ആർ.ടി.ഒ.മൂവാറ്റുപുഴ പേഴക്കാപ്പിള്ളി മത്സ്യ മാർക്കറ്റിൽ ആർ.ടി.ഒയുടെ ഇടപെടൽ: പാർക്കിംഗിലും വിപണനത്തിലും കർശന നിർദ്ദേശം
അമിതഭാരവുമായി പാഞ്ഞ ലോറികൾക്കെതിരെ നടപടി മിന്നൽ പരിശോധനയിൽ 6.04 ലക്ഷം രൂപ പിഴ
മൂവാറ്റുപുഴ: അനുവദനീയമായ അളവിൽ കൂടുതൽ ചരക്ക് കയറ്റി സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ എറണാകുളം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസറുടെ (എൻഫോഴ്‌സ്‌മെന്റ്) നേതൃത്വത്തിൽ ജില്ലയുടെ വിവിധ ,ഭാഗങ്ങളിൽ രാത്രികാല മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ നിയമവിരുദ്ധമായി സർവീസ് നടത്തിയ 20 വാഹനങ്ങൾക്ക് ചെല്ലാൻ നൽകുകയും 6,04,000 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. ആർ.ടി.ഒ ബിജു ഐസക്കിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നാല് പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന. ജില്ലയിലെ പ്രധാന വ്യവസായ-ചരക്കു നീക്ക കേന്ദ്രങ്ങളായ മൂവാറ്റുപുഴ, കൂത്താട്ടുകുളം, പെരുമ്പാവൂർ, അങ്കമാലി, എറണാകുളം മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഡ്രൈവ്.
ഓവർലോഡിംഗിന് പുറമെ മറ്റ് ഗുരുതര നിയമലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തി. വാഹനം നികുതി അടയ്ക്കാതെ ഓടിക്കൽ, സാധുവായ പെർമിറ്റ് ഇല്ലാതിരിക്കൽ, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവർ വാഹനം ഓടിക്കൽ എന്നിവയ്‌ക്കെതിരെയും കർശന നടപടിയെടുത്തു. കൂടാതെ, നിരോധിച്ച എയർ ഹോണുകളുടെ ഉപയോഗം, വാഹനങ്ങളുടെ ബോഡിയിൽ വരുത്തിയ അനധികൃത മാറ്റങ്ങൾ, വാഹനത്തിന്റെ പിൻഭാഗത്ത് അപകടകരമായ തള്ളിനിൽക്കുന്ന വിധത്തിൽ ലോഡ് കയറ്റുക, പരസ്യ ഫീസ് അടയ്ക്കാതെ ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ പരസ്യം പതിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കും പിഴ ചുമത്തി. അമിത ഭാരം കയറ്റുമ്പോൾ വാഹനങ്ങളുടെ ബ്രേക്കിംഗ് സംവിധാനം പെട്ടെന്ന് തകരാറിലാകാൻ സാധ്യതയേറെയാണ്. അടിയന്തര സാഹചര്യങ്ങളിൽ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ വാഹനം നിയന്ത്രണം വിട്ട് മറിയാൻ ഇടയാക്കും.
അമിത ഭാരവും അതിവേഗതയിലുണ്ടാകുന്ന ഘർഷണവും കാരണം രാത്രികാലങ്ങളിൽ ടയറുകൾ പൊട്ടിത്തെറിച്ച് വൻ അപകടങ്ങൾ ഉണ്ടാകാം.
അനുവദനീയമായതിലും കൂടുതൽ ഭാരവുമായി എത്തുന്ന വാഹനങ്ങൾ കാരണം റോഡുകളിൽ വലിയ കുഴികൾ രൂപപ്പെടുകയും റോഡിന്റെ നിർമ്മാണ ആയുസ്സ് ഗണ്യമായി കുറയുകയും ചെയ്യും.
വളവുകളുള്ള റോഡുകളിലും കയറ്റങ്ങളിലും വാഹനത്തിന്റെ സ്റ്റിയറിംഗ് ബാലൻസ് നഷ്ടപ്പെട്ട് വാഹനം പുറകിലേക്ക് ഇറങ്ങാനും മറിയാനും അമിതഭാരം കാരണമാകുമെന്നും ആർ ടി ഒ അറിയിച്ചു.
മൂവാറ്റുപുഴയിൽ വ്യാപാരികളുടെ യോഗം വിളിച്ചു
മുവാറ്റുപുഴയിൽ പേഴക്കാപ്പിള്ളി മത്സ്യ മാർക്കറ്റിലെ വ്യാപാരികളെയും തൊഴിലാളികളെയും മത്സ്യം കയറ്റി വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരെയും ഉൾപ്പെടുത്തി യോഗം ചേർന്നു. എം സി റോഡിലെ പൊതുഗതാഗത്തിനും റോഡ് സുരക്ഷയ്ക്കും പരിഗണന നൽകി വേണം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതും മത്സ്യ വിപണന നടത്തേണ്ടതുമെന്ന് ആർ ടി ഒ നിർദേശിച്ചു.
വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന കൂടുതൽ ശക്തമായി തുടരുമെന്നും, റോഡ് നിയമങ്ങൾ പാലിക്കാത്ത വാഹന ഉടമകൾക്കും ഡ്രൈവർമാർക്കുമെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും ആർ ടി ഒ (എൻഫോഴ്‌സ്മെൻ്റ്) അറിയിച്ചു.