പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാൻ സാധ്യത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് പക്ഷിപ്പനി പകരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ലക്ഷണങ്ങളും പ്രതിരോധ മുൻകരുതലുകളും അറിയാം.
പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാം വ്യക്തിഗത സുരക്ഷ ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ്
ആലപ്പുഴ: പക്ഷികളിൽ കണ്ടുവരുന്ന വൈറസ് രോഗമായ പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. രോഗബാധിത പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാനുള്ള സാധ്യത പൊതുവെ കുറവാണെങ്കിലും, രോഗബാധയുണ്ടായാൽ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ഉയർന്ന മരണനിരക്കിനും കാരണമായേക്കാം. ഈ സാഹചര്യത്തിൽ രോഗബാധിതമോ രോഗം സംശയിക്കുന്നതോ ആയ പക്ഷികളുമായി സമ്പർക്കത്തിൽ വരുന്നവർ പ്രത്യേക ജാഗ്രതയും വ്യക്തിഗത സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കേണ്ടതാണ്.
മനുഷ്യരിൽ പക്ഷിപ്പനി ബാധിച്ചാൽ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടേക്കാം:
• പ്രധാന ലക്ഷണങ്ങൾ: പനി, ശക്തമായ ശരീരവേദന, ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസംമുട്ടൽ.
• ഗുരുതര ലക്ഷണങ്ങൾ: കഫത്തിൽ രക്തം കാണപ്പെടുക, ശ്വാസകോശ സംബന്ധമായ മറ്റ് ഗുരുതര അണുബാധകൾ.
പക്ഷികളുമായോ ചത്ത പക്ഷികളുമായോ സമ്പർക്കത്തിൽ വന്നിട്ടുള്ളവർക്ക് മേൽപ്പറഞ്ഞ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ യാതൊരു കാരണവശാലും സ്വയം ചികിത്സ നടത്തരുത്. ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തെയോ ആരോഗ്യപ്രവർത്തകരെയോ വിവരം അറിയിച്ച് വൈദ്യസഹായം തേടേണ്ടതാണ്. ആശുപത്രികളിൽ എത്തുന്ന രോഗികളും പൊതുജനങ്ങളും മാസ്ക് ധരിക്കുകയും ശ്വാസകോശ സംബന്ധമായ അണുബാധാ നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും വേണം.
പ്രധാന പ്രതിരോധ മുൻകരുതലുകൾ
• രോഗബാധിതമോ രോഗം സംശയിക്കുന്നതോ ആയ പക്ഷികളുമായും മൃഗങ്ങളുമായും നേരിട്ടുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കുക. ചത്ത പക്ഷികളെ കൈകൊണ്ട് സ്പർശിക്കരുത്.
• പക്ഷികളുടെ സ്രവങ്ങളോ കാഷ്ഠമോ പതിച്ച പ്രതലങ്ങളിൽ സ്പർശിക്കേണ്ടിവന്നാൽ ഉടൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.
• പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ അധികൃതർ ഏർപ്പെടുത്തിയിട്ടുള്ള മാംസം, മുട്ട എന്നിവയുടെ വിൽപ്പനയും ഉപയോഗവും സംബന്ധിച്ച നിയന്ത്രണങ്ങൾ കർശനമായി പാലിക്കുക.
• നിയന്ത്രണമില്ലാത്ത പ്രദേശങ്ങളിൽ പോലും മാംസവും മുട്ടയും നന്നായി വേവിച്ചോ പാകം ചെയ്തോ മാത്രം ഉപയോഗിക്കുക; പാതി വേവിച്ചവ പൂർണ്ണമായി ഒഴിവാക്കുക.
• പച്ചമാംസവും പാകം ചെയ്ത ഭക്ഷണവും കൈകാര്യം ചെയ്യാൻ ഒരേ പാത്രങ്ങളും ഉപകരണങ്ങളും ഉപയോഗിക്കാതിരിക്കുക.
• രോഗബാധിത പക്ഷികളുടെ വിസർജ്യങ്ങളും മാലിന്യങ്ങളും ജലാശയങ്ങളിൽ നിക്ഷേപിക്കാതെ ബന്ധപ്പെട്ട വകുപ്പുകളുടെ നിർദ്ദേശപ്രകാരം സുരക്ഷിതമായി സംസ്കരിക്കുക.
പക്ഷികളെ കൊന്നു നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ
രോഗപ്രതിരോധ നിയന്ത്രണത്തിന്റെ ഭാഗമായി പക്ഷികളെ കൊന്നു നശിപ്പിക്കുന്ന (കള്ളിങ്) പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥരും തൊഴിലാളികളും കർശനമായ സുരക്ഷ മുൻകരുതലുകൾ പാലിക്കണം. നിർദ്ദിഷ്ട നിലവാരത്തിലുള്ള പി.പി.ഇ കിറ്റ്, എൻ-95 മാസ്ക്, അനുയോജ്യമായ കൈയുറകൾ, ഫെയ്സ് ഷീൽഡ്, ബൂട്ട് എന്നിവ നിർബന്ധമായും ധരിക്കണം. ഉപയോഗശേഷം അവ കൃത്യമായ രീതിയിൽ സുരക്ഷിതമായി സംസ്കരിക്കേണ്ടതാണ്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ഏഴ് ദിവസത്തേക്ക് പ്രതിരോധ മരുന്നായ 'ഒസെൽറ്റമിവിർ' കഴിക്കേണ്ടതും, സമ്പർക്ക വിവരങ്ങളും മരുന്ന് കഴിച്ച വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തി ആരോഗ്യപ്രവർത്തകരുടെ തുടർനിരീക്ഷണത്തിൽ തുടരേണ്ടതുമാണ്.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
