ലഹരി മാഫിയയുടെ വേരറുക്കുന്നത് വരെ പോരാട്ടം തുടരും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
ഉദയംപേരൂർ എസ്‌എൻഡിപി സ്‌കൂളിൽ ഓപ്പറേഷൻ തൂഫാൻ ഉണർവ് 2026 ലഹരിവിരുദ്ധ ക്യാമ്പയിൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ കർശന നടപടികൾ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ലഹരി മാഫിയയുടെ വേരറുക്കുന്നത് വരെ പോരാട്ടം തുടരും: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
'ഓപ്പറേഷൻ തൂഫാൻ ഉണർവ് 2026' ഉദ്ഘാടനം ചെയ്തു
എറണാകുളം: ലഹരി മാഫിയയുടെ വേരറുക്കുന്നത് വരെ ലഹരിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും 'ഓപ്പറേഷൻ തൂഫാൻ' പ്രവർത്തനങ്ങൾ ശക്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകുമെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഉദയംപേരൂർ എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'ഓപ്പറേഷൻ തൂഫാൻ ഉണർവ് 2026' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടിച്ച് ശക്തരാകാനുമുള്ള ഗുരുസന്ദേശം പുതിയ തലമുറ ഉൾക്കൊണ്ട് മുന്നോട്ടുപോകേണ്ടതുണ്ട്. മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന ശ്രീനാരായണ ഗുരുദേവന്റെ വാക്കുകൾ ലഹരിക്കെതിരായ വലിയൊരു മുന്നറിയിപ്പാണ്. നമ്മളാരും ഇതൊന്നും ആലോചിക്കാത്ത ഒരു കാലഘട്ടത്തിലാണ് ഗുരുദേവൻ ലഹരിക്കെതിരായ ഏറ്റവും വലിയ ആഹ്വാനം കേരളീയ സമൂഹത്തിന് നൽകിയതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
ലഹരിവിമുക്തമായ കേരളം കെട്ടിപ്പടുക്കാൻ പുതിയ തലമുറ മുന്നോട്ടുവരേണ്ടതിന്റെ ആവശ്യകതയാണ് ഓപ്പറേഷൻ തൂഫാനിലൂടെ ഉയർത്തിപ്പിടിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കേരളത്തിൽ 7,000-ത്തിൽ അധികം ആളുകളെ പോലീസ് അറസ്റ്റ് ചെയ്യുകയും, 6,500-ലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. 70 മുതൽ 80 കോടി രൂപ വരെ വിലമതിക്കുന്ന മാരകമായ മയക്കുമരുന്നുകളാണ് പോലീസ് ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്. സ്കൂളുകൾക്ക് സമീപം പുകയില ഉൽപ്പന്നങ്ങളും ലഹരി മിഠായികളും വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, ആര് വിറ്റാലും നിയമത്തിന്റെ വിലങ്ങ് അവരുടെ കൈകളിൽ വീഴുമെന്നും അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി.
കുട്ടികളിൽ ലഹരി ഉപയോഗം തടയുന്നതിൽ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും പങ്ക് വളരെ വലുതാണ്. കുട്ടികളുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണം. ലഹരിക്കെതിരെ ഫുട്ബോളിലെ റെഡ് കാർഡ് പോലെ സമൂഹം 'നോ ടു ഡ്രഗ്സ്' എന്ന സന്ദേശവുമായി ഒത്തൊരുമിച്ച് നിൽക്കണം. ജീവിതത്തിൽ ഒരിക്കലും ലഹരി ഉപയോഗിക്കില്ലെന്ന ആത്മധൈര്യം ഓരോ വിദ്യാർത്ഥിക്കും ഉണ്ടാകണമെന്ന് ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിനോടനുബന്ധിച്ച് തൂഫാൻ പതാക ഉയർത്തൽ, തൂഫാൻ പ്രതിജ്ഞ ചൊല്ലൽ, തൂഫാൻ വാരിയർ ബാഡ്ജ് വിതരണം, പരാതിപ്പെട്ടി സ്ഥാപിക്കൽ എന്നിവയും മന്ത്രി നിർവ്വഹിച്ചു.
ദീപക് ജോയ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിറ്റിപോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ മുഖ്യാതിഥിയായി. എസ്.എൻ.ഡി.പി യോഗം വിദ്യാഭ്യാസ സെക്രട്ടറി ഇ.ജി ബാബു ലഹരിവിരുദ്ധ സന്ദേശം നൽകി. വൈക്കം എം.എൽ.എ കെ. ബിനിമോൾ, ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൂബൻ ജോൺ, വാർഡ് മെമ്പർ സുജ ബാബു, കണയന്നൂർ എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. തവമണി, സ്കൂൾ പ്രിൻസിപ്പൽ ഡി. റിജ, റിട്ടയേർഡ് ജസ്റ്റിസ് പി.എസ്. ഗോപിനാഥ്, എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് രമേശൻ പുത്തേഴത്ത്, എറണാകുളം ആർ.ഡി.ഡി ബിയാട്രീസ് മരിയ, എറണാകുളം ഡി.ഡി.ഇ സുബിൻ പോൾ, ഡി.ഇ.ഒ (ഇൻ-ചാർജ്) എൻ. സുധ, തൃപ്പൂണിത്തുറ എ.ഇ.ഒ ദുർഗ്ഗ മേനോൻ, പി.ടി.എ പ്രസിഡന്റ് കെ.എം. അനിൽകുമാർ, ഹെഡ്മിസ്ട്രസ് ബിനാ ടി. രാജൻ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.