മണ്ണിൽ പൊന്നുവിളയിച്ച കൊച്ചുമിടുക്കന് സർക്കാരിന്റെ സ്നേഹസമ്മാനംആദിത്യന്റെ പുതിയ വീടിന് നാളെ തറക്കല്ലിടും
സംസ്ഥാനതല മികച്ച വിദ്യാർത്ഥി കർഷകനുള്ള പുരസ്‌കാരം നേടിയ ആദിത്യന് സർക്കാരിന്റെ തറക്കല്ലിടൽ കർമം സെപ്റ്റംബർ 6 ന് കെ. സി. വേണുഗോപാൽ എംപി നിർവഹിക്കും.
കുട്ടിക്കർഷകൻ ആദിത്യന്റെ വീടിന് നാളെ തറക്കല്ലിടും
ആലപ്പുഴ: ഈ വർഷത്തെ മികച്ച വിദ്യാർത്ഥി കർഷകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ചേർത്തല സ്വദേശി ആദിത്യന് പുതിയ വീടൊരുങ്ങുന്നു. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ കർമം സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 10.30-ന് കെ. സി. വേണുഗോപാൽ എം.പി നിർവഹിക്കും.
ചേർത്തല അരീപ്പറമ്പ് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള സ്ഥലത്താണ് പുതിയ വീട് ഉയരുന്നത്. ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്, എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു എന്നിവരും ജനപ്രതിനിധികളും പങ്കെടുക്കും.
കളമശ്ശേരി ആഷിസ് കൺവെൻഷൻ സെന്ററിൽ നടന്ന സംസ്ഥാനതല കർഷകദിനാഘോഷ ചടങ്ങിലാണ് ആദിത്യന് പുതിയ വീട് നിർമ്മിച്ചുനൽകുമെന്ന് കൃഷിവകുപ്പ് മന്ത്രി പ്രഖ്യാപിച്ചത്. സ്വന്തമായി സുരക്ഷിതമായ വീടില്ലാതെ ഒറ്റമുറിയിലാണ് ആദിത്യനും കുടുംബവും താമസിച്ചിരുന്നത്. ഇവരുടെ അവസ്ഥയെക്കുറിച്ചുള്ള മാധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മന്ത്രി ടി. സിദ്ദിഖ് വീട് നൽകുമെന്ന് ഉറപ്പുനൽകിയത്.
ചേർത്തല അരീപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ആദിത്യൻ അജയൻ-സജിത ദമ്പതികളുടെ മകനാണ്. പഠനത്തോടൊപ്പം 44 സെന്റിൽ നെൽകൃഷിയും 20 സെന്റ് പാട്ടഭൂമിയിൽ പച്ചക്കറി കൃഷിയും ആദിത്യൻ നടത്തുന്നുണ്ട്. ഇതിനുപുറമേ അലങ്കാര മത്സ്യകൃഷി, ആട്, കോഴി, താറാവ്, പശു വളർത്തൽ എന്നിവയും ഈ കൊച്ചുമിടുക്കൻ വിജയകരമായി ചെയ്തുവരുന്നു.