ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾക്കും വാർഷിക പദ്ധതി അംഗീകാരം 1594 കോടി രൂപയുടെ വികസനം

2026 27 വർഷത്തെ വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 111 തദ്ദേശ സ്ഥാപനങ്ങളിലായി 15376 പദ്ധതികൾ നടപ്പിലാക്കും.

ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾക്കും വാർഷിക പദ്ധതി അംഗീകാരം 1594 കോടി രൂപയുടെ വികസനം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗം

​ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾക്കും വാർഷിക പദ്ധതി അംഗീകാരം: 1594 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പച്ചക്കൊടി

​കൊച്ചി: ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2026-27 വർഷത്തെ വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. ജില്ലാ പ്ലാനിംഗ് സമിതി ഹാളിൽ ചേർന്ന അഡ്ഹോക്ക് കമ്മിറ്റി യോഗത്തിൽ കൊച്ചി കോർപ്പറേഷന്റെ പദ്ധതികൾ കൂടി അംഗീകരിച്ചതോടെയാണ് ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും നടപടികൾ പൂർത്തിയായത്. ജില്ലാ അസൂത്രണ സമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.ജി. രാധാകൃഷ്ണന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

​ആകെ 111 തദ്ദേശ സ്ഥാപനങ്ങളിലായി 1594 കോടി രൂപയുടെ 15376 പ്രോജക്ടുകൾക്കാണ് ഇത്തവണ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇതിൽ ഉത്പാദന മേഖലയ്ക്കായി 170 കോടി രൂപയും, സേവന മേഖലയ്ക്ക് 931 കോടി രൂപയും, പശ്ചാത്തല വികസന മേഖലയ്ക്കായി 492 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

​പദ്ധതികളുടെ സംഗ്രഹം താഴെ പറയുന്നവയാണ്:

​ഗ്രാമപഞ്ചായത്തുകൾ: 82

​ബ്ലോക്ക് പഞ്ചായത്തുകൾ: 14

​നഗരസഭകൾ: 13

​കോർപ്പറേഷൻ: 1

​ജില്ലാ പഞ്ചായത്ത്: 1

​നിശ്ചിത സമയത്തിനകം പദ്ധതി സമർപ്പണവും അംഗീകാര നടപടികളും പൂർത്തിയാക്കിയ എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും യോഗം അഭിനന്ദിച്ചു. യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ജി. ഉല്ലാസ്, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.