വിദ്യാലയങ്ങളിൽ വേർതിരിവിന്റെ വിഷവിത്തുകൾ പാകാൻ അനുവദിക്കില്ല
വിദ്യാലയങ്ങളിൽ വേർതിരിവിന്റെ വിഷവിത്തുകൾ പാകാൻ അനുവദിക്കില്ല കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി
വിദ്യാലയങ്ങളിൽ വേർതിരിവിന്റെ വിഷവിത്തുകൾ പാകാൻ അനുവദിക്കില്ല; കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മനുഷ്യനെ വിഭജിക്കുന്ന സങ്കുചിത നിലപാടുകൾ കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കാൻ ആരെയും അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ചില സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെപ്പോലെ ഉയർന്ന ജനാധിപത്യ ബോധവും മതനിരപേക്ഷ സംസ്‌കാരവുമുള്ള ഒരു സംസ്ഥാനത്ത് കേട്ടുകേൾവിയില്ലാത്ത നടപടിയാണിതെന്ന് മന്ത്രി പറഞ്ഞു. വിദ്യാലയങ്ങളിൽ വേർതിരിവിന്റെ വിത്തുകൾ പാകാനുള്ള നീക്കങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സംഭവത്തിൽ അടിയന്തരമായി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
"ജാതി-മത ചിന്തകൾക്കപ്പുറം കുട്ടികൾ ഒന്നിച്ചിരുന്നു പഠിക്കുകയും വളരുകയും ചെയ്യുന്ന ഇടങ്ങളാണു നമ്മുടെ വിദ്യാലയങ്ങൾ. ഓണവും ക്രിസ്മസും പെരുന്നാളുമെല്ലാം ഒരുപോലെ ആഘോഷിക്കപ്പെടുന്നവയാണ്. ഇത്തരം ഒത്തുചേരലുകളിലൂടെയാണ് കുട്ടികൾ പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും പഠിക്കുന്നത്," മന്ത്രി കൂട്ടിച്ചേർത്തു.
എയ്ഡഡ് ആയാലും അൺ എയ്ഡഡ് ആയാലും വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത് രാജ്യത്തെ നിയമങ്ങൾക്കും വിദ്യാഭ്യാസ ചട്ടങ്ങൾക്കും അനുസൃതമായാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ എല്ലാ വിദ്യാലയങ്ങൾക്കും ബാധ്യതയുണ്ടെന്നും, സങ്കുചിതമായ രാഷ്ട്രീയ-വർഗീയ താൽപ്പര്യങ്ങൾക്കായി വിദ്യാലയങ്ങളെ ഉപയോഗിച്ചാൽ കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

