സെൻസസ് 2027 കേരളത്തിൽ സെൽഫ് എന്യൂമറേഷന് തുടക്കമായി ഗവർണറും മുഖ്യമന്ത്രിയും വിവരങ്ങൾ സമർപ്പിച്ചു
2027 ലെ രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സെൻസസിന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ നടപടികൾക്ക് കേരളത്തിൽ തുടക്കമായി. ഗവർണറും മുഖ്യമന്ത്രിയും വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ചു.
സെൻസസ് 2027: കേരളത്തിൽ സെൽഫ് എന്യൂമറേഷന് തുടക്കമായി; ഗവർണറും മുഖ്യമന്ത്രിയും വിവരങ്ങൾ സമർപ്പിച്ചു
തിരുവനന്തപുരം: രാജ്യത്തെ പതിനാറാമത് സെൻസസ് നടപടികളുടെ ഭാഗമായുള്ള 'സെൽഫ് എന്യൂമറേഷൻ' (സ്വയം വിവരശേഖരണം) പ്രവർത്തനങ്ങൾക്ക് കേരളത്തിൽ ഔദ്യോഗിക തുടക്കമായി. രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും, മാസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശനും സെൻസസ് പോർട്ടൽ വഴി വിവരങ്ങൾ സമർപ്പിച്ച് സംസ്ഥാനത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകും തന്റെ വസതിയിലിരുന്ന് വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ചു.
ഇന്ത്യയിൽ ആദ്യമായി പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ നടപ്പിലാക്കുന്ന സെൻസസ് കൂടിയാണ് 2027-ലേത്. ജൂൺ 16 മുതൽ ആരംഭിച്ച 15 ദിവസത്തെ സെൽഫ് എന്യൂമറേഷൻ കാലയളവിൽ പൊതുജനങ്ങൾക്ക് സെൻസസ് പോർട്ടൽ (https://se.census.gov.in/) വഴി സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം. ഇങ്ങനെ സമർപ്പിക്കുന്ന വിവരങ്ങൾ പിന്നീട് എന്യൂമറേറ്റർമാർ വീടുകളിലെത്തി പരിശോധിച്ച് ഉറപ്പുവരുത്തും.
ജനങ്ങളുടെ ജീവിതനിലവാരം, തൊഴിൽ, പാർപ്പിടം തുടങ്ങിയ കൃത്യമായ വിവരങ്ങൾ ലഭ്യമായാൽ മാത്രമേ അർഹരായവരിലേക്ക് ക്ഷേമപ്രവർത്തനങ്ങൾ എത്തിക്കാനും മികച്ച വികസന പദ്ധതികൾ ആവിഷ്കരിക്കാനും സർക്കാരിന് സാധിക്കൂ എന്ന് ഗവർണറും മുഖ്യമന്ത്രിയും ഓർമ്മിപ്പിച്ചു. രാജ്യത്തെ എല്ലാ പൗരന്മാരും ഈ ഡിജിറ്റൽ സെൻസസുമായി സജീവമായി സഹകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
തദ്ദേശീയമായി വിവരശേഖരണം നടത്തുന്നതിനായി അധ്യാപകരും സർക്കാർ ജീവനക്കാരുമടങ്ങുന്ന എന്യൂമറേറ്റർമാരെയും പതിനായിരത്തിലധികം സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്. മൊബൈൽ ആപ്ലിക്കേഷനുകളും വെബ് മാപ്പിങ് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഇത്തവണത്തെ ഡിജിറ്റൽ വിവരശേഖരണം. 'സെൻസസ് മാനേജ്‌മെന്റ് ആൻഡ് മോണിറ്ററിങ് സിസ്റ്റം' വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
കേരളത്തിലെ സെൻസസിന്റെ അടുത്തഘട്ട ഫീൽഡ് പ്രവർത്തനങ്ങൾ ജൂലൈ 1 മുതൽ ആരംഭിക്കും. 1872-ൽ ആരംഭിച്ച് 150 വർഷത്തിലേറെ പാരമ്പര്യമുള്ള ഇന്ത്യൻ സെൻസസ് ചരിത്രത്തിലെ എട്ടാമത്തെ സ്വാതന്ത്ര്യാനന്തര സെൻസസാണിത്. ഏറ്റവും ഒടുവിൽ രാജ്യത്ത് സെൻസസ് നടന്നത് 2011-ലാണ്.